ലീഗ് കോട്ടയായ മലപ്പുറത്ത് നിന്നാണല്ലോ നാലാം തവണയും സഭയിലെത്തിയത്, 'ഉശിര്' കൂടും; സ്പീക്കർക്ക് ജലീലിൻ്റെ മറുപടി

'മക്കയില്‍' ഈന്തപ്പഴം വില്‍ക്കുന്നവര്‍ക്ക് അത്ര എളുപ്പം പിടികിട്ടിക്കൊള്ളണമെന്നില്ലെന്നും ജലീല്‍

മലപ്പുറം: നിയമസഭയിലെ ശാസനയ്ക്ക് പിന്നാലെ സ്പീക്കര്‍ എ എന്‍ ഷംസീറിന് പരോക്ഷ മറുപടിയുമായി കെ ടി ജലീല്‍ എംഎല്‍എ. നിയമസഭയില്‍ സ്വകാര്യ സര്‍വകലാശാലാ ബില്ലുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ സമയം അല്‍പം നീണ്ടു പോയെന്നും അതൊരു ക്രിമിനല്‍ കുറ്റമായി ആര്‍ക്കെങ്കിലും തോന്നിയെങ്കില്‍ സഹതപിക്കുകയേ നിര്‍വാഹമുള്ളൂവെന്ന് കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ലീഗ് കോട്ടയായ മലപ്പുറത്ത് നിന്നാണല്ലോ തുടര്‍ച്ചയായി നാലാം തവണയും നിയമസഭയിലെത്തിയതെന്നും അതുകൊണ്ട് തന്നെ സ്വാഭാവികമായും അല്‍പം 'ഉശിര്'' കൂടുമെന്നും ജലീല്‍ പറഞ്ഞു. 'മക്കയില്‍' ഈന്തപ്പഴം വില്‍ക്കുന്നവര്‍ക്ക് അത്ര എളുപ്പം പിടികിട്ടിക്കൊള്ളണമെന്നില്ലെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സ്വകാര്യ സര്‍വകലാശാല ബില്ലിലെ ചര്‍ച്ചയില്‍ കെ ടി ജലീല്‍ അധിക സമയമെടുത്തതിന്റെ പേരില്‍ സ്പീക്കര്‍ ക്ഷുഭിതനായിരുന്നു. ആവശ്യപ്പെട്ടിട്ടും പ്രസംഗം നിര്‍ത്താത്തതായിരുന്നു സ്പീക്കറെ ചൊടിപ്പിച്ചത്. വിയോജനക്കുറിപ്പ് തന്നവര്‍ വരെ സഹകരിച്ചെന്നും കെ ടി ജലീല്‍ ആ മര്യാദ കാണിച്ചില്ലെന്നും സ്പീക്കര്‍ പറഞ്ഞിരുന്നു. ഒരുപാട് തവണ ആവശ്യപ്പെട്ടിട്ടും സഹകരിച്ചില്ലെന്നും ഷംസീര്‍ പറഞ്ഞിരുന്നു. ചെയറിനോട് കാണിക്കേണ്ട മര്യാദ ജലീല്‍ കാണിച്ചില്ല. ജലീല്‍ കാണിച്ചത് ധിക്കാരം ആണെന്നും സ്പീക്കര്‍ പറഞ്ഞു. ജലീലിന് സഭയില്‍ പ്രത്യേക പ്രിവിലേജ് ഇല്ലെന്നും സ്പീക്കര്‍ പറഞ്ഞിരുന്നു.

Content Highlights: K T Jaleel responds to Speaker A N Shamseer s responds

To advertise here,contact us