ജനപ്രീതി കാരണം തിയറ്ററുകൾ പൊളിഞ്ഞുവീഴാറായി; അതാവും ചില ഭാഗങ്ങൾ എഡിറ്റ് ചെയ്യുന്നത്; പരിഹസിച്ച് ജോർജ് കുര്യൻ

സിനിമയുടെ ജനപ്രീതി കാരണം ആളുകൾ ഇടിച്ചു കയറി തിയറ്ററുകൾ പൊളിഞ്ഞുവീഴാറായതിനാലാവണം ചില ഭാഗങ്ങൾ എഡിറ്റ് ചെയ്യുന്നതെന്ന് ജോർജ് കുര്യൻ മാധ്യമങ്ങളോട് പറഞ്ഞു

കൊച്ചി: എമ്പുരാൻ വിഷയത്തിൽ മലക്കം മറിഞ്ഞ് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. സിനിമയുടെ ജനപ്രീതി കാരണം ആളുകൾ ഇടിച്ചു കയറി തിയറ്ററുകൾ പൊളിഞ്ഞുവീഴാറായതിനാലാവണം ചില ഭാഗങ്ങൾ എഡിറ്റ് ചെയ്യുന്നതെന്ന് ജോർജ് കുര്യൻ പരിഹസിച്ചു. സിനിമ എഡിറ്റ് ചെയ്യുന്ന കാര്യം അറിയില്ല. ഹിന്ദു സമുദായത്തിന് ഒരു പോറൽ ഉണ്ടായാൽ അത് തങ്ങളുടെ നിലനിൽപ്പിനെ ബാധിക്കും എന്ന് കരുതുന്ന ന്യൂനപക്ഷങ്ങളുടെ നാടാണ് കേരളം. 15 വർഷം മുമ്പുള്ള നറേറ്റീവ് അതേപടി കാണിച്ചാൽ തെറ്റാണെന്ന് ഇന്നത്തെ തലമുറയ്ക്ക് മനസ്സിലാകും. നരേന്ദ്ര മോദിയെ അപമാനിക്കുന്നത് എല്ലാ കുടുംബവും ചർച്ച ചെയ്യണം. സിനിമ എല്ലാവരും കാണണം എന്ന അഭിപ്രായത്തിൽ മാറ്റമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

കഴിഞ്ഞ ദിവസം സിനിമയെ സിനിമയായി കാണണമെന്ന പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശിന്റെ നിലപാടാണ് പാര്‍ട്ടി നയമെന്നായിരുന്നു ജോർജ് കുര്യന്റെ അഭിപ്രായം. ചിത്രം കാണുന്നവര്‍ വീടുകളില്‍ ബിജെപിയെപ്പറ്റി ചര്‍ച്ച ചെയ്യണം. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ വില്ലൻ വേഷത്തിലൂടെയാണ് മോഹന്‍ലാല്‍ ഉയര്‍ന്നുവന്നത്. അതുപോലെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയും ഉയര്‍ന്നുവരുമെന്നും ജോര്‍ജ് കുര്യന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. നരേന്ദ്രമോദിയെ പലപ്പോഴായി അധിക്ഷേപിച്ചു. അദ്ദേഹം ഉയരങ്ങളിലെത്തി. നെഗറ്റീവുകൾ കൊണ്ട് മോദിയെ തകർക്കാനാവില്ലെന്നാണ് താൻ ഉദ്ദേശിച്ചതെന്നായിരുന്നു ഇന്ന് നൽകിയ മറുപടി.

Content Highlights: George Kurian over the Empuran issue

To advertise here,contact us