അനുമതിയില്ലാതെ സിനിമയിൽ ഫോട്ടോ ഉൾപ്പെടുത്തിയെന്ന് പരാതി; ആന്റണി പെരുമ്പാവൂർ 1,68,000 രൂപ നഷ്ടപരിഹാരം നൽകണം

നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ 1,68,000 രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് കോടതിവിധി

തൃശൂർ : അനുവാദമില്ലാതെ അപകീർത്തി വരും വിധം സിനിമയിൽ ഫോട്ടോ ഉപയോഗിച്ചെന്ന പരാതിയിൽ നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ 1,68,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധിച്ചു. ചാലക്കുടി മുൻസിഫ് കോടതിയാണ് 1,00,000 രൂപ പരാതിക്കായിരിക്കും 68,000 രൂപ കോടതി നടത്തിപ്പിനുമായി പിഴ ചുമത്തിയത്. ചാലക്കുടി കാടുകുറ്റി സ്വദേശിയായ പ്രിൻസി ഫ്രാൻസിസിന്റെ പരാതിയിൽ ആണ് കോടതി നടപടിയെടുത്തത്.

ആന്റണി പെരുമ്പാവൂർ നിർമിച്ച് പ്രിയദർശൻ സംവിധാനം ചെയ്ത് 2016 ൽ പുറത്തിറങ്ങിയ ‘ഒപ്പം’ സിനിമയിൽ പ്രിൻസി ഫ്രാൻസിസിന്റെ ഫോട്ടോ അനുമതിയില്ലാതെ ഉൾപ്പെടുത്തിയെന്നായിരുന്നു പരാതി. സിനിമയുടെ 29ാം മിനിറ്റിൽ പൊലീസ് ക്രൈം ഫയൽ മറിക്കുമ്പോൾ ക്രൂരമായി കൊല്ലപ്പെട്ട യുവതിയുടെ ഫോട്ടോ എന്ന നിലയിലാണ് പ്രിൻസി ഫ്രാൻസിസിന്റെ ഫോട്ടോ ഉപയോഗിച്ചത്​. ബ്ലോഗിൽനിന്ന് ഡൗൺലോഡ് ചെയ്ത് അനുമതിയില്ലാതെ ഉപയോഗിച്ചത് മാനസിക വിഷമത്തിന് കാരണമായെന്ന്​ കാണിച്ച്​ കൊരട്ടി പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുത്തിരുന്നില്ല. 2017ൽ ചാലക്കുടി കോടതിയിൽ പരാതി നൽകുകയായിരുന്നു.

ആന്റണി പെരുമ്പാവൂർ, പ്രിയദർശൻ എന്നിവർക്ക് പുറമേ അസി. ഡയറക്ടർ മോഹൻദാസിനെയും കേസിൽ ഉൾപ്പെടുത്തിയിരുന്നു. ഫോട്ടോ അധ്യാപികയുടേതല്ലെന്നാണ്​ എതിർകക്ഷികൾ വാദിച്ചത്​. സിനിമയിൽനിന്ന്​ ഈ ഭാഗം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സിനിമാ പ്രവർത്തകർ നിഷേധിച്ചു. ഇപ്പോഴും സിനിമയിൽ നിന്ന് ഈ ഫോട്ടോ ഒഴിവാക്കിയിട്ടില്ല. എട്ടു​ വർഷമായി നിയമപോരാട്ടം നടത്തിയാണ്​ നീതി ലഭിച്ചതെന്നും സാധാരണക്കാരായ സ്ത്രീകൾക്കായാണ് നിയമനടപടിക്ക് മുന്നിട്ടിറങ്ങിയതെന്നും പ്രിൻസി ഫ്രാൻസിസ് പറഞ്ഞു.

Content highlights : Antony Perumbavoor fined for using teacher's picture in movie 'Oppam' without permission

To advertise here,contact us