തൃശ്ശൂർ: കൂടൽ മാണിക്യം ക്ഷേത്രത്തിലെ കഴകം ജീവനക്കാരൻ ബാലുവിന്റെ രാജി സ്വീകരിക്കുകയല്ലാതെ മറ്റ് മാർഗങ്ങളില്ലെന്ന് കൂടൽമാണിക്യം ദേവസ്വം ചെയർമാൻ സി കെ ഗോപി. ആരോഗ്യപരമായ കാരണങ്ങളാലും വ്യക്തിപരമായ കാരണങ്ങളാലും ഈ ജോലിയിൽ നിന്ന് ഒഴിവാക്കണം എന്നാണ് ബാലു കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ദേവസ്വം കമ്മിറ്റി ചേർന്ന് കത്ത് പരിശോധിക്കുമെന്നും സി കെ ഗോപി റിപ്പോർട്ടറിനോട് പറഞ്ഞു.
കഴകം ജോലിയിൽ നിന്ന് മാറ്റി തന്നെ ഓഫീസ് അറ്റന്റർ തസ്തികയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ബാലു അപേക്ഷ നൽകിയിരുന്നുവെന്നും എന്നാൽ അപേക്ഷ പ്രകാരം കൂടൽമാണിക്യം ദേവസ്വം മാനേജിംഗ് കമ്മിറ്റിക്ക് നിയമനം നടത്താൻ അധികാരം ഇല്ലെന്നും സി കെ ഗോപി പറഞ്ഞു. ബാലു നൽകിയ അപേക്ഷ പിന്നീട് സർക്കാരിലേക്ക് അയച്ചെന്നും അപേക്ഷയിൽ സർക്കാരിൽ നിന്ന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്നലെയാണ് ദേവസ്വം ഓഫീസില് എത്തി ബാലു രാജിക്കത്ത് കൈമാറിയത്. വ്യക്തിപരമായ കാരണത്താല് രാജിവെക്കുന്നു എന്നാണ് കത്തില് സൂചിപ്പിക്കുന്നത്. കഴകം ജോലിയില് പ്രവേശിച്ച ബാലുവിനെ തന്ത്രിമാരുടെ എതിര്പ്പിനെ തുടര്ന്ന് ഓഫീസ് ജോലിയിലേക്ക് മാറ്റിയിരുന്നു. അതിനുശേഷം ബാലു അവധിയില് പ്രവേശിക്കുകയായിരുന്നു. അതിനിടെയാണ് രാജി. കൂടല്മാണിക്യം ക്ഷേത്രത്തില് കഴക ജോലികള്ക്കായി ആളെ നിയമിക്കുന്നതിന് ദേവസ്വം റിക്രൂട്ട്മെന്റ് ബോര്ഡ് പരീക്ഷ നടത്തിയിരുന്നു. ഇത് വിജയിച്ചാണ് ബാലു ജോലിയില് പ്രവേശിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരി 21ന് ഇദ്ദേഹം ചുമതലയേറ്റു. ഇതിന് പിന്നാലെയാണ് വിവാദം ഉയര്ന്നത്.
content highlights : koodalamankayam devaswom chairman gopi says there is no other option but to accept balus-resignation