യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലെ മിന്നൽ പരിശോധന; കഞ്ചാവെത്തിച്ചത് തമിഴ്‌നാട് സ്വദേശി എന്ന് വിവരം; അന്വേഷണം

455-ാം മുറിയിലെ വിവരങ്ങൾ തേടി ഹോസ്റ്റൽ വാര്‍ഡന് എക്‌സൈസ് ഇന്ന് കത്തയക്കും

തിരുവനന്തപുരം: തിരുവനന്തപുരം പാളയത്തെ യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലിലെ മിന്നൽ പരിശോധനയില്‍ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി എക്സൈസ്. യൂണിവേഴ്സിറ്റി കോളജിൽ ബിരുദ പഠനം പൂർത്തിയാക്കിയെന്ന് കരുതപ്പെടുന്ന തമിഴ്നാട് സ്വദേശിയുടെ 455-ാം നമ്പർ മുറിയിൽ നിന്നാണ് 20 ​ഗ്രാം കഞ്ചാവ് പിടികൂടിയത്. എന്നാൽ കഴിഞ്ഞദിവസം തന്നെ തമിഴ്നാട് സ്വദേശി ഹോസ്റ്റൽ ഒഴിഞ്ഞിരുന്നു.

മുറിയിലെ താമസക്കാരുടെ വിവരങ്ങൾ തേടി ഹോസ്റ്റൽ വാര്‍ഡന് എക്‌സൈസ് ഇന്ന് കത്തയക്കും.

പിടിച്ചെടുത്ത കഞ്ചാവ് കുറഞ്ഞ അളവിലുള്ളതായതിനാൽ ജാമ്യം ലഭിക്കുന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്. ഹോസ്റ്റൽ മുറിയിൽ എംഡിഎംഎ ഉണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇൻസ്പെക്ടർ ഹരി ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘം ചൊവ്വാഴ്ച രാവിലെ 11 മണിയോടെ പരിശോധന നടത്തിയത്.

ഹോസ്റ്റൽ അധികൃതരെയും പൊലീസിനെയും പോലും അറിയിക്കാതെ അതീവ രഹസ്യമായിട്ടായിരുന്നു ഓപ്പറേഷൻ. എന്നാൽ എംഡിഎംഎ കണ്ടെത്താനായില്ല. അതേ സമയം എസ്എഫ്‌ഐ ശക്തികേന്ദ്രങ്ങളിലെ ഹോസ്റ്റലില്‍ ലഹരിവില്‍പന വ്യാപകമായി നടക്കുന്നു എന്ന് എബിവിപി ആരോപിച്ചു. എന്നാല്‍ കഞ്ചാവുണ്ടെന്ന രഹസ്യവിവരം പൊലീസിനെ അറിയിച്ചത് തങ്ങളാണെന്നാണ് എസ് എഫ് ഐയുടെ അവകാശവാദം.

content highlights : Thiruvananthapuram University Hostel drug case excise enquiry

To advertise here,contact us