മധുര: 24-ാം പാർട്ടി കോൺഗ്രസിൽ അസാധാരണ നടപടിയുമായി സിപിഐഎം. പാർട്ടി കോൺഗ്രസിലെ വിദേശ പ്രതിനിധിയെ ഒഴിവാക്കി. യുകെയിൽ നിന്നുള്ള പാർട്ടി കോൺഗ്രസ് പ്രതിനിധി മലയാളിയായ രാജേഷ് കൃഷ്ണനെയാണ് ഒഴിവാക്കിയത്.
രാജേഷിനെ പ്രതിനിധിയാക്കി ഉൾപ്പെടുത്തിയത് എന്തിനെന്ന ചോദ്യം കേന്ദ്ര കമ്മിറ്റിയിൽ ഉയർന്നതിന് പിന്നാലെയാണ് നടപടി. കേരള ഘടകം നേതാക്കൾ ഇടപെട്ടാണ് രാജേഷിനെ പാർട്ടി കോൺഗ്രസിൽ നിന്ന് ഒഴിവാക്കിയതെന്നാണ് വിവരംയ സിനിമാ നിർമ്മാണ മേഖലയിൽ ഉൾപ്പെടെ പ്രവർത്തിക്കുന്ന വ്യക്തിയാണ് രാജേഷ് കൃഷ്ണ.
പാർട്ടിക്ക് രാജേഷ് കൃഷ്ണയ്ക്ക് എതിരെ പരാതി ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് പാർട്ടി കോൺഗ്രസിൽ നിന്നും ഒഴിവാക്കിയതെന്ന വിവരമുണ്ട്. ഇന്നലെ മധുരയിലെത്തിയ രാജേഷ് കൃഷ്ണയെ പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി തന്നെ നേരിട്ട് വിളിച്ച് ഒഴിവാക്കിയ വിവരം അറിയിക്കുകയായിരുന്നു.
ഇന്നലെ വൈകിട്ട് ചേര്ന്ന പോളിറ്റ് ബ്യൂറോ യോഗത്തിൽ രാജേഷ് കൃഷ്ണയെ ഏത് കാറ്റഗറിയിൽ ഉൾപ്പെടുത്തണമെന്ന ചോദ്യം ഉയർന്നിരുന്നു. പിന്നീട് രാജേഷ് കൃഷ്ണയെ പാർട്ടി കോൺഗ്രസിൽ നിന്നും ഒഴിവാക്കി കേന്ദ്രകമ്മിറ്റിയിൽ തീരുമാനം എടുക്കുകയായിരുന്നു.
content highlights : Unusual move in CPI(M); UK representative in party congress removed