'ഇതും സാമൂഹിക പ്രവർത്തനം; മലയാള മാധ്യമ ചരിത്രത്തിലെ മികച്ച ഒരേട്'; റിപ്പോർട്ടറിനെ അഭിനന്ദിച്ച് അഡ്വ. ഷുക്കൂർ

'മനുഷ്യ മറവിയിലേക്ക് ആ സംഭവത്തെ തള്ളിവിടാതെ കൃത്യമായ ഇടവേളകളില്‍ ഓര്‍മിപ്പിക്കുന്നത് സാമൂഹിക പ്രവര്‍ത്തനമാണ്'

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ നിർണായക വെളിപ്പെടുത്തലുകൾ സ്റ്റിം​ഗ് ഓപ്പറേഷനിലൂടെ പുറത്തുകൊണ്ടുവന്ന റിപ്പോർട്ടർ ടിവിയെ അഭിനന്ദിച്ച് അഭിഭാഷകനും നടനുമായ സി ഷുക്കൂർ. മലയാള മാധ്യമ ചരിത്രത്തിൽ മികച്ച ഒരേടാണ് ഇന്നത്തെ റിപ്പോർട്ടർ ടിവിയുടെ ബ്രേക്കിം​ഗ് വാർത്തയെന്ന് സി ഷുക്കൂർ ഫേസ്ബുക്കിൽ കുറിച്ചു. പൾസർ സുനിയുടെ വെളിപ്പെടുത്തൽ കേസ് അന്വേഷണത്തെ എങ്ങനെ ബാധിക്കുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നുണ്ട്.

നിയമവശങ്ങളും സാധ്യതകളും കോർത്തിണക്കിയാണ് അദ്ദേഹം കേസിന്റെ ഭാവിസാധ്യതകളെ പരിശോധിക്കുന്നത്. ലോക ചരിത്രത്തിൽ അപൂർവ്വമാണ് ബലാത്സംഗത്തിന് ഒരാൾ ക്വട്ടേഷൻ കൊടുക്കുന്നതെന്നും അഡ്വ. സി ഷുക്കൂർ പറയുന്നു. മനുഷ്യരുടെ മറവിയിലേക്ക് ആ ഭീകരവും മനുഷ്യത്വ വിരുദ്ധവുമായ സംഭവത്തെ തള്ളിവിടാതെ കൃത്യമായ ഇടവേളകളിൽ ഓർമിപ്പിക്കുന്നത് തീർച്ചയായും സാമൂഹിക പ്രവർത്തനമാണ്. സംഭവുമായി ബന്ധപ്പെട്ട പലതും അതിജീവിതയിൽ നിന്ന് നേരിട്ട് കേട്ടിട്ടുണ്ടെന്നും ആ നടുക്കം മാറുന്നില്ലെന്നും ഷുക്കൂർ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.

മലയാള മാധ്യമ ചരിത്രത്തിൽ മികച്ച ഒരേടാണ് ഇന്നത്തെ Reporter Live ബ്രേക്ക്. ആ കേസിലെ ഒന്നാം പ്രതി, പൾസർ സുനി ആ കുറ്റ കൃത്യത്തിലെ അയാളുടെ പങ്കാളിത്തം കൃത്യമായി ഒരു സ്റ്റിംഗ് ഓപ്പറേഷനിൽ പുറത്തു പറയുകയാണ്.ഈ വെളുപ്പെടുത്തൽ നിലവിലെ കേസിൽ എങ്ങിനെയാവും സ്വാധീനിക്കുക? ഇതൊരു പുതിയ വെളിപ്പെടുത്തലാണ്, അതും പൂർണ്ണ മനസ്സാലെ, പരപ്രേരണ കൂടാതെ ചെയ്ത കുറ്റ കൃത്യത്തിൽ അയാളുടെ പങ്കും മറ്റു പ്രതികളുടെയും പ്രതികൾ അല്ലാത്ത പലരുടെയും ഉൾപ്പെടലും അയാളിലൂടെ പുറത്തു വരികയാണ്.

പോലീസ് അന്തിമ റിപ്പോർട്ട് സമർപ്പിച്ച്, വിചാരണ പൂർത്തീകരിച്ചു അന്തിമ വാദം നടക്കുന്ന ഒരു കേസിലാണ് ഒന്നാം പ്രതി ഇങ്ങിനെ extra Judicial confession നടത്തിയിരിക്കുന്നത്. ഈ വെളിപ്പെടുത്തലോടെ കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ, വാച്യമോ രേഖാമൂലമോ ആയ പുതിയ തെളിവ്(further evidence) ലഭിച്ചു എന്ന നിലയിൽ CrPC 173( പ്രകാരം അല്ലെങ്കിൽ BNSS 193(9) ബഹു കോടതി മുമ്പാകെ തുടർ അന്വേഷണത്തിനു ഒരു ഹർജി ഫയൽ ചെയ്ത്, കോടതിയുടെ അനുമതിയോടെ തുടർ അന്വേഷണം ഉത്തരവായാൽ, റിപ്പോർട്ടർ മുമ്പാകെ പ്രതി നടത്തിയ കുറ്റ സമ്മത വിഡിയോ ഫൂട്ടേജുകൾ നിയമം അനുശാസിക്കുന്ന രീതിയിൽ ആഷ് വാല്യൂ അടക്കം അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ ഹാജരാക്കണം.

ഒരു പ്രതി നടത്തുന്ന കുറ്റ സമ്മതം കൂട്ട പ്രതികൾക്ക് ബാധകമാണോ? അല്ല, എന്നാൽ ആ കുറ്റ സമ്മതത്തിൽ വെളിപ്പെടുത്തിയ കാര്യങ്ങൾ മറ്റു രേഖകൾ വഴിയും മൊഴികളും തെളിവുകളും വഴി സ്ഥാപിക്കാനായാൽ മറ്റു പ്രതികൾക്കും ആ വെളിപ്പെടുത്തലുകൾ ദോഷകരമായി ബാധിക്കും. നേരത്തെ നരോദ് പാട്യ കേസിൽ ടെഹൽക്കയിലെ ആഷിസ് കേതൻ നടത്തിയ sting ഓപ്പറേഷനിൽ ബാബു ബജ്റംഗിയും മായാ കൊഡ്നാനിയും നടത്തിയ കറ്റ സമ്മതം Special Investigation team വഴി സെഷൻസ് കോടതി മുമ്പാകെ ഹാജരാക്കിതിലൂടെയാണ് ഗുജറാത്ത് വംശ ഹത്യയിൽ 91 പേർ കൊല്ലപ്പെട്ട കേസിൽ അവരുടെ (പ്രതികളുടെ) ശിക്ഷ ഉറപ്പാക്കിയത്. ഇവിടെ, ബഹു കോടതി മുമ്പാകെ അന്വേഷണ ഉദ്യോഗസ്ഥൻ തുടർ അന്വേഷണത്തിനുള്ള അനുമതിക്കായി അപേക്ഷ സമർപ്പിക്കുമോ?

ഇനി അന്വേഷണ ടീം തുടർ അന്വേഷണം ആവശ്യപ്പെടുന്നില്ലെങ്കിൽ, അതി ജീവിതയ്ക്കും ആവശ്യപ്പെടുമോ?അങ്ങിനെ അപേക്ഷ സമർപ്പിച്ചാൽ, പൾസർ സുനി എന്തു നിലപാടു സ്വീകരിക്കും? ദീലിപും മറ്റു പ്രതികളും ആ ഹർജിയുടെ ആവശ്യത്തെ എതിർക്കുമോ? ബഹു സെഷൻസ് കോടതി എന്തു തീരുമാനം കൈകൊള്ളും?തുടർ അന്വേഷണം അനുവദിച്ചാൽ, നിലവിൽ വെളിവായ കാര്യങ്ങൾ വെച്ച് പ്രതി പട്ടികയിൽ പുതിയ ആളുകൾ വരുമോ?എവിടെയാണ് റിക്കാർഡ് ചെയ്ത മൊബൈൽ ഫോൺ ഉള്ളത്? ദിലീപിനും ബന്ധുക്കൾക്കും ഈ മൊബൈൽ ഫോണിലേക്കുള്ള ദൂരം എത്ര ആയിരുന്നു? ക്വട്ടേഷൻ തുകയിൽ 70 ലക്ഷം ആര് , എപ്പോൾ, എങ്ങിനെ കൈമാറി? ആ പണം കൈമാറിയവരിലേക്ക് എങ്ങിനെ വന്നു?

കോടതി മുമ്പാകെ വിചാരണ നടന്നു കൊണ്ടിരിക്കുന്ന ഒരു കേസിൽ, ആ കേസിൽ വലിയ രീതിയിൽ സ്വാധീനം ചൊലുത്താവുന്ന ഒരു കാര്യം ഇങ്ങിനെ ഒരു ടെലിവിഷൻ ചാനൽ പ്രക്ഷേപണം ചെയ്യാമോ? ക്രിമിനൽ കോടതി അലക്ഷ്യം ഈ കാര്യത്തിൽ എന്താണ് പറയുന്നത്? മാധ്യമങ്ങളോട് സംസാരിക്കരുതെന്ന നിബന്ധനയിൽ പുറത്തിറങ്ങിയ പൾസർ സുനിയുടെ ജാമ്യം റദാക്കുവാൻ പ്രോസിക്യൂഷൻ അപേക്ഷ നൽകുമോ? അങ്ങിനെ അപേക്ഷ നൽകിയാൽ അതു എട്ടാം പ്രതിയെ സഹായിക്കുവാൻ ചെയ്തതാണെന്ന രീതിയിൽ വ്യാഖ്യാനിക്കില്ലെ? ഇനി സ്വയം കോടതിജാമ്യം റദ്ദു ചെയ്യുമോ?

ഏതായാലും ലോക ചരിത്രത്തിൽ അപൂർവ്വ സംഗതിയാകും ബലാൽസംഗത്തിനു ഒരാൾ ക്വട്ടേഷൻ കൊടുക്കുന്നത്.മനുഷ്യരുടെ മറവിയിലേക്ക് ആ ഭീകരവും മനുഷ്യത്വ വിരുദ്ധവുമായ സംഭവത്തെ തള്ളിവിടാതെ കൃത്യമായ ഇടവേളകളിൽ ഓർമ്മിപ്പിക്കുന്നത് തീർച്ചയായും സാമൂഹിക പ്രവർത്തനമാണ്. ഈ കാര്യങ്ങൾ പലതും അതി ജീവിതയിൽ നിന്നും നേരിട്ടു കേട്ടിട്ടുണ്ട്, ആ നടുക്കം മാറുന്നില്ല.ആ ധീരയോട് ഒരിക്കൽ കൂടി ഐക്യപ്പെടുന്നു.റിപ്പോർട്ടർ ടീമിനും നന്ദി.Shukkur Vakkeel

content highlights : Pulsar Suni's revelation; Actor Adv. C Shukkur congratulates Reporter TV

To advertise here,contact us