വഖഫ് നിയമം തട്ടിക്കൂട്ട്; പ്രതിപക്ഷത്തിന്റെ അഭിപ്രായങ്ങൾ സ്വീകരിച്ചില്ലെന്ന് സാദിഖലി തങ്ങൾ

പതിനാല് മണിക്കൂറോളം നീണ്ട ചര്‍ച്ചകൾക്കും വോട്ടെടുപ്പിനും ഒടുവിലാണ് വഖഫ് ബില്‍ ലോക്സഭ പാസാക്കിയത്

മലപ്പുറം: വഖഫ് ബില്‍ ലോക്സഭ പാസാക്കിയതിൽ പ്രതികരണവുമായി മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ഇപ്പോഴുള്ള വഖഫ് നിയമം തട്ടിക്കൂട്ടിയ നിയമം ആണ്. ആരോടും കൂടിയാലോചിച്ചിട്ടില്ല. നിയമം ജെപിസിക്ക് വിട്ട് കൊടുത്തെങ്കിലും അവിടേയും പ്രതിപക്ഷത്തിന്റെ അഭിപ്രായങ്ങൾ സ്വീകരിച്ചിട്ടില്ല. ​ഗവൺമെന്റ് അവർക്കനുകൂലമായ അഭിപ്രായങ്ങൾ മാത്രം സ്വീകരിച്ച് കൊണ്ടാണ് ലോക്സഭയിൽ ബില്ല് അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ പ്രതിപക്ഷ കക്ഷികൾ സഭയിൽ ഒറ്റക്കെട്ടായി എതിർത്തത് വളരെ ശ്രദ്ധേയമായ ഒരു കാര്യം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ കക്ഷികൾ അതിനെ ഒരു മുസ്ലീം വിഷയമായിട്ടല്ല കാണുന്നതെന്നും എന്നാൽ കേന്ദ്ര​ഗവൺമെന്റ് അവരുടെ ചില അജണ്ടയുടെ ഭാ​ഗമായിട്ടാണ് വഖഫ് ബില്‍ പാസാക്കിയതെന്നും അദ്ദേഹം കൂട്ടിചേർത്തു. ഇപ്പോൾ വഖഫിനെ മാത്രമാണ് ബാധിച്ചിരിക്കുന്നത് എന്നും ഇനി മറ്റ് മതങ്ങളെ ആയിരിക്കും ഇത്തരം കാര്യങ്ങൾ ബാധിക്കുക എന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മാധ്യമങ്ങളോട് പറ‍ഞ്ഞു.

പതിനാല് മണിക്കൂറോളം നീണ്ട ചര്‍ച്ചകൾക്കും വോട്ടെടുപ്പിനും ഒടുവിലാണ് വഖഫ് ബില്‍ ലോക്സഭ പാസാക്കിയത്. ബില്ലിനെ അനുകൂലിച്ച് 288 അംഗങ്ങൾ വോട്ട് ചെയ്തപ്പോൾ 232 അംഗങ്ങൾ എതിർത്തു. എന്‍ കെ പ്രേമചന്ദ്രന്‍, ഗൗരവ് ഗോഗോയി, കെ സി വേണുഗോപാല്‍, മുഹമ്മദ് ജാവേദ്, അസസുദ്ദീന്‍ ഒവൈസി, കെ രാധാകൃഷ്ണൻ, ഇ ടി മുഹമ്മദ് ബഷീർ അടക്കമുള്ളവർ മുന്നോട്ടുവെച്ച ഭേദഗതികള്‍ ശബ്ദവോട്ടോടെ തള്ളിപോവുകയായിരുന്നു. ഇതോടെ ബിൽ ലോക്സഭ കടന്നു. രാജ്യസഭയിലും കൂടി പാസാക്കിയ ശേഷം രാഷ്ട്രപതി കൂടി ഒപ്പുവെച്ചാൽ വഖഫ് നിയമഭേദഗതി പ്രാബല്യത്തിൽ വരും.

Content Highlights:Sadiqali Shihab Thangal reacts to the passing of the Waqf Bill

To advertise here,contact us