'നടന്നത് തൊഴിൽ പീഡനമല്ല, ദൃശ്യങ്ങൾക്ക് പിന്നിൽ കമ്പനിയുടെ പഴയ മാനേജർ'; വീഡിയോ പ്രതികരണവുമായി യുവാവ്

കമ്പനിയിൽ നിന്ന് മറ്റു പ്രശ്നങ്ങൾ ഒന്നും നേരിട്ടിട്ടില്ലായെന്നും യുവാവ് വെളിപ്പെടുത്തി

കൊച്ചി: കൊച്ചിയിലെ മാർക്കറ്റിങ് കമ്പനിയില്‍ തൊഴിൽ പീഡനം നടന്നുവെന്ന വാർത്ത നിഷേധിച്ച് ദൃശ്യങ്ങളിലുള്ള യുവാവ്. നടന്നത് തൊഴിൽ പീഡനമല്ലായെന്നാണ് യുവാവിൻ്റെ മൊഴി. സ്ഥാപനത്തിൽ നിന്ന് പുറത്താക്കിയ മാനേജർ ചിത്രീകരിച്ച ദൃശ്യമാണ് പ്രചരിക്കുന്നതെന്നും കമ്പനിയിൽ നിന്ന് മറ്റു പ്രശ്നങ്ങൾ ഒന്നും നേരിട്ടിട്ടില്ലായെന്നും യുവാവ് വെളിപ്പെടുത്തി.

കോഴിക്കോട് സ്വദേശി മനാഫ് ആണ് ദൃശ്യങ്ങൾ പുറത്ത് വിട്ടത്. ഇയാൾ സ്ഥാപനത്തിൻ്റെ മുൻ മാനേജറായിരുന്നു ഇയാൾ തന്നെയാണ് ഇതെല്ലാം ചെയ്യിപ്പിച്ചതെന്നും യുവാവ് മൊഴി നൽകി. കമ്പനി കൃത്യമായി ശമ്പളം തരാറുണ്ടെന്നും തൊഴിൽ പീഡനം സ്ഥാപനം നടത്തിയിട്ടില്ലായെന്നും യുവാവ് പറഞ്ഞു. സംഭവത്തിൽ പൊലീസിനും തൊഴിൽ വകുപ്പിനും യുവാവ് മൊഴി നൽകിയിട്ടുണ്ട്.

കൊച്ചിയിൽ പ്രവർത്തിക്കുന്ന കെൽട്രോ എന്ന കമ്പനിയിലെ മാനേജർ ടാര്‍ഗറ്റ് പൂര്‍ത്തിയാകാത്ത തൊഴിലാളികളോട് കടുത്ത ക്രൂരതകാട്ടുന്ന വീഡിയോ പുറത്ത് വന്നിരുന്നു. കഴുത്തില്‍ ബെല്‍റ്റിട്ട് നായ്ക്കളെ പോലെ നടത്തിക്കുക, നായ്ക്കളെ പോലെ ഭക്ഷണം കഴിപ്പിക്കുക, വായില്‍ ഉപ്പ് വാരിയിട്ട് തുപ്പാന്‍ അനുവദിക്കാതിരിക്കുക തുടങ്ങിയ പീഡനങ്ങളാണ് തൊഴിലാളികള്‍ക്ക് നേരെ നടക്കുന്നത്. പല വീടുകള്‍ കയറി സാധങ്ങള്‍ വില്‍ക്കുകയാണ് തൊഴിലാളികളുടെ ടാര്‍ഗറ്റ്. എന്നാല്‍ ടാര്‍ഗറ്റ് പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത സാഹചര്യങ്ങളുണ്ടാകാറുണ്ട്. അതിന് ശേഷം ഓഫീസിലെത്തുന്നവരെ പീഡിപ്പിക്കും. മുഖത്തടക്കം ക്രൂര പീഡനങ്ങള്‍ നടത്തും. പീഡനത്തിന്റെ ദൃശ്യങ്ങള്‍ മേല്‍ത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ക്കും അയച്ചു നല്‍കും. ആറ് മാസത്തെ ട്രെയിനിങ് എന്ന് പറഞ്ഞ് ജോലിയില്‍ പ്രവേശിപ്പിക്കുന്നവര്‍ക്കെതിരെയാണ് ക്രൂര പീഡനം നടത്തുന്നത് എന്നായിരുന്നു ആരോപണം.

പരാതി ലഭിച്ചതിന് പിന്നാലെ ഹിന്ദുസ്ഥാൻ പവർ ലിങ്ക്സ് ഉടമ ജോയ് ജോസഫിന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. എന്നാൽ കെൽട്രോ എന്ന കമ്പനി തങ്ങളുടെ ഉൽപന്നങ്ങൾ വാങ്ങി വിതരണം ചെയ്യുമെന്നല്ലാതെ മറ്റു ബന്ധങ്ങളൊന്നുമില്ലായെന്ന് ഹിന്ദുസ്ഥാൻ പവർ ലിങ്ക്സ് ഉടമ അറിയിച്ചു.

To advertise here,contact us