'മലപ്പുറത്തിനെതിരെ വിഷം തുപ്പുന്നതിന് മുമ്പ് വെള്ളാപ്പള്ളി എസ്എന്‍ഡിപിക്കാരോടെങ്കിലും ചോദിക്കണമായിരുന്നു'

വെള്ളാപ്പള്ളി കേരളം കണ്ട ഏറ്റവും വലിയ അവസരവാദിയാണെന്നും കെപിഎ മജീദ് പറഞ്ഞു.

മലപ്പുറം: മലപ്പുറം പ്രത്യേക രാജ്യവും ചില പ്രത്യേക ആളുകളുടെ സംസ്ഥാനവുമാണെന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പരാമര്‍ശത്തിനെതിരെ മുസ്‌ലിം ലീഗ് നേതാവ് കെപിഎ മജീദ്. വെള്ളാപ്പള്ളിയുടേത് വിഷനാവാണെന്നും സാമാന്യബുദ്ധിയുള്ള ഒരു മലപ്പുറത്തുകാരനും വെള്ളാപള്ളിയെ പോലെ സംസാരിക്കില്ലെന്നും കെപിഎ മജീദ് പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.

മലപ്പുറത്തിനെതിരെ വിഷം തുപ്പുന്നതിന് മുമ്പ് വെള്ളാപ്പള്ളി എസ്എന്‍ഡിപിക്കാരോടെങ്കിലും ചോദിക്കണമായിരുന്നു. ബിജെപിയെ പ്രീണിപ്പിച്ച് പിടിച്ചുനില്‍ക്കാനുള്ള അടവാണ് വെള്ളാപ്പള്ളിയുടേത്. കേസുകളില്‍ നിന്ന് രക്ഷപ്പെടാന്‍ തരാതരം ബിജെപിയെയും സിപിഐഎമ്മിനെയും പ്രീണിപ്പിക്കുന്നു. വെള്ളാപ്പള്ളി കേരളം കണ്ട ഏറ്റവും വലിയ അവസരവാദിയാണെന്നും കെപിഎ മജീദ് പറഞ്ഞു.

'1985 മുതൽ 1987 വരെ മലപ്പുറം ജില്ലാ കലക്ടറായിരുന്നു പശ്ചിമ ബംഗാൾ സ്വദേശിയായ സയൻ ചാറ്റർജി ഐ.എ.എസ്.

ഇത്രയേറെ സ്‌നേഹവും സാഹോദര്യവുമുള്ള മറ്റൊരു ജില്ല ഇന്ത്യാ രാജ്യത്തില്ല എന്നാണ് അദ്ദേഹം മലപ്പുറം ജില്ലയിൽനിന്ന് മടങ്ങുമ്പോൾ പറഞ്ഞത്. കവി മണമ്പൂർ രാജൻ ബാബു തിരുവനന്തപുരത്തുകാരനാണ്. മലപ്പുറത്തോടുള്ള ഇഷ്ടം കൊണ്ടാണ് അദ്ദേഹം ജോലിയിൽനിന്ന് വിരമിച്ചിട്ടും മലപ്പുറത്ത് സ്ഥിരതാമസമാക്കിയത്. 1976 മുതൽ അദ്ദേഹം മലപ്പുറത്തുകാരനാണ്. '' മലപ്പുറത്തിന്റെ സവിശേഷമായ സ്‌നേഹമാണ് എന്നെ മലപ്പുറത്ത് തന്നെ നിലനിർത്തിയത്. എന്റെ നാട്ടുകാർ എന്നെ തിരിച്ച് കൊണ്ടുവരാൻ യോഗം ചേർന്നിട്ട് പോലും ഞാൻ മലപ്പുറം വിടാത്തത് ഈ നാടിന്റെ സ്‌നേഹം അനുഭവിച്ച് തന്നെ ജീവിച്ച് മരിക്കാനാണ്''. ഇത് മണമ്പൂർ രാജൻ ബാബുവിന്റെ വാക്കുകളാണ്.

ഇങ്ങനെ എത്രയെത്ര ഉദ്യോഗസ്ഥർ, അധ്യാപകർ...

ജോലിയിൽനിന്ന് പിരിഞ്ഞിട്ടും മലപ്പുറം വിടാൻ മടിച്ച് ഈ ജില്ലയിൽത്തന്നെ ശിഷ്ടകാലം ജീവിക്കുന്ന നൂറുകണക്കിന് പേർ.

മലപ്പുറത്തെക്കുറിച്ച് വിഷം തുപ്പുന്നതിന് മുമ്പ് വെള്ളാപ്പള്ളിക്ക് മലപ്പുറത്തെ എസ്.എൻ.ഡി.പിക്കാരോടെങ്കിലും ചോദിക്കാമായിരുന്നു. സാമാന്യബുദ്ധിയുള്ള ഒരു മലപ്പുറത്തുകാരനും നിങ്ങളെപ്പോലെ സംസാരിക്കില്ല.

നിങ്ങളുടെ പ്രശ്‌നം സാമാന്യബുദ്ധിയുടേതല്ല എന്ന് മലയാളികൾക്ക് അറിയാം.

ബി.ജെ.പിയെ പ്രീണിപ്പിച്ച് പിടിച്ചുനിൽക്കാനുള്ള അടവ് എന്നല്ലാതെ ഈ വിഷനാവിനെക്കുറിച്ച് മറ്റൊന്നും പറയാനാകില്ല.

കേസുകളിൽനിന്ന് രക്ഷപ്പെടാൻ അവസരം പോലെ ബി.ജെ.പിയെയും സി.പി.എമ്മിനെയും പ്രീണിപ്പിക്കാൻ യാതൊരു മടിയുമില്ലാത്ത വ്യക്തിയാണ് വെള്ളാപ്പള്ളി.

കേരളം കണ്ട ഏറ്റവും വലിയ അവസരവാദിയുടെ പേരാണ് വെള്ളാപ്പള്ളി നടേശൻ..!

- കെ.പി.എ മജീദ്'

മലപ്പുറം പ്രത്യേക രാജ്യമാണെന്നും ഈഴവർക്ക് ജില്ലയിൽ അവഗണനയാണന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശം. എസ്എന്‍ഡിപി യോഗം നിലമ്പൂര്‍ യൂണിയന്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷനിലായിരുന്നു വെള്ളാപ്പള്ളി നടേശന്റെ വിവാദ പ്രസംഗം. മലപ്പുറം പ്രത്യേക രാജ്യവും ചില പ്രത്യേക ആളുകളുടെ സംസ്ഥാനവുമാണെന്നായിരുന്നു വെള്ളാപ്പള്ളി നടേശൻ്റെ പരാമർശം. സ്വതന്ത്രമായ വായു ശ്വസിച്ചും അഭിപ്രായം പറഞ്ഞും മലപ്പുറത്ത് ജീവിക്കാന്‍ കഴിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

To advertise here,contact us