വടക്കാഞ്ചേരിയില്‍ ഓട്ടോറിക്ഷക്ക് മുകളിലേക്ക് പന കടപുഴകി വീണു; മൂന്ന് പേര്‍ക്ക് പരിക്ക്

നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞു.

തൃശൂര്‍: ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് പന കടപുഴകി വീണ് അപകടം. യാത്രക്കാരായ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. വടക്കാഞ്ചേരിയിലാണ് അപകടം നടന്നത്.

പഴയന്നൂര്‍ സ്വദേശികളായ ഓട്ടോ ഡ്രൈവര്‍ കാക്കരകുന്ന് വീട്ടില്‍ സന്തോഷ്, അനുജന്‍ സനീഷ്, അമ്മ തങ്കം എന്നിവര്‍ക്കാണ് പരിക്കേറ്റത്. പഴയന്നൂരില്‍ നിന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. തങ്കത്തിന്റെ തലയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.

കാറ്റില്‍ പാതയോരത്തെ കുന്നിന്‍ചെരുവില്‍ നിന്നിരുന്ന പന മരം ഓട്ടോയുടെ മുകളിലേക്ക് കടപുഴകി വീഴുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞു.

To advertise here,contact us