പെരുമ്പാവൂർ: മലപ്പുറം കോഡൂരിൽ വീട്ടിൽ വെച്ചുള്ള പ്രസവത്തിനിടെ മരിച്ച ചട്ടിപ്പറമ്പ് സ്വദേശിനി അസ്മയുടെ മൃതദേഹം രഹസ്യമായി സംസ്കരിക്കാനായിരുന്നു നീക്കം. എന്നാൽ പൊലീസ് തടയുകയായിരുന്നു. മൃതദേഹം പൊലീസ് ഏറ്റെടുത്ത് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പെരുമ്പാവൂരിലെ വീട്ടിലെത്തിച്ച് സംസ്കരിക്കാനുള്ള നീക്കമാണ് പൊലീസ് തടഞ്ഞത്.
നാളെ കളമശേരി മെഡിക്കൽ കോളജിൽവെച്ച് പോസ്റ്റ്മോർട്ടം നടത്തിയതിന് ശേഷം മൃതദേഹം പെരുമ്പാവൂരിൽ കബറടക്കും. കഴിഞ്ഞ ദിവസം ആറുമണിയോടെയാണ് പ്രസവത്തെ തുടർന്ന് യുവതി മരിച്ചത്. തുടർന്ന് ഭർത്താവ് സിറാജുദ്ദീന് രഹസ്യമായി അസ്മയുടെ നാടായ പെരുമ്പാവൂരിലെത്തിക്കാന് ശ്രമിച്ചു. എന്നാല് അസ്മയുടെ കുടുംബം രഹസ്യമായി സംസ്കരിക്കാന് സമ്മതിച്ചില്ല. ഭര്ത്താവിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയർന്നത്. ആശുപത്രിയിൽ പോയി യുവതി പ്രസവിക്കുന്നതിന് സിറാജുദ്ദീൻ എതിരായിരുന്നുവെന്നും ഇതാണ് യുവതിയുടെ മരണത്തിലേക്ക് നയിച്ചതെന്നുമാണ് പുറത്തുവന്ന വിവരം.
അക്യുപങ്ചർ ചികിത്സ നടത്തുന്നയാളാണ് സിറാജുദ്ദീൻ. അസ്മയുടെ ആദ്യ രണ്ടുപ്രസവവും ആശുപത്രിയിലായിരുന്നു. പിന്നീട് ഇയാൾ ചികിത്സ പഠിച്ചു. തുടർന്നുള്ള മൂന്ന് പ്രസവങ്ങളും വീട്ടിൽ വച്ചാണ് നടത്തിയത്. അതിൽ അഞ്ചാമത്തെ പ്രസവത്തിനിടയിലാണ് അസ്മ മരിക്കുന്നത്. അസ്മയും അക്യുപങ്ചർ പഠിച്ചിരുന്നു. കാസർകോട് പള്ളിയിൽ ജോലി ചെയ്യുന്ന ആളെന്ന നിലയിലാണ് ഇവർക്ക് വീട് നൽകിയതെന്ന് വാടക ഉടമ പറഞ്ഞിരുന്നു. ഒന്നരവർഷമായി വാടകയ്ക്ക് താമസിക്കുന്നുണ്ടെങ്കിലും ഇവർക്ക് അയൽവാസികളുമായി ബന്ധം ഉണ്ടായിരുന്നില്ല. ഇവർ വീട്ടിൽ ചികിത്സ നടത്തിയത് സംബന്ധിച്ചും ആർക്കും വിവരമില്ല.
യുവതി ഗർഭിണി ആയിരുന്ന കാര്യം മറച്ചുവെച്ചിരുന്നതായി വാർഡ് മെമ്പർ സാദിഖ് റിപ്പോർട്ടറിനോട് പറഞ്ഞിരുന്നു. പൊലീസ് വിളിക്കുമ്പോഴാണ് യുവതിയുടെ മരണവിവരം അറിയുന്നതെന്നും ജനുവരിയിൽ ആശ വർക്കർ വീട്ടിലെത്തിയപ്പോൾ ഗർഭിണിയല്ലെന്നാണ് അറിയച്ചതെന്നും വാർഡ് മെമ്പർ പറഞ്ഞു. ആശ വർക്കറുമായി സംസാരിക്കുമ്പോൾ ഇവർ വീടിന് പുറത്തിറങ്ങാൻ തയ്യാറായില്ലെന്നും മെമ്പർ ആരോപിച്ചിരുന്നു.
Content Highlights: Asma's death after childbirth at home in Malappuram case updates