Reporter Impact: സ്വകാര്യ പമ്പിൽ നിന്ന് വാങ്ങിക്കുന്ന ഡീസലിന്റെ അളവ് കുറച്ച് പാലക്കാട് കെഎസ്ആർടിസി

റിപ്പോർട്ടർ വാർത്തയെ തുടർന്ന് സ്വകാര്യ പമ്പിൽ നിന്നും വാങ്ങുന്ന ഡീസലിൻ്റെ അളവ് കുറച്ചതിന്റെ രേഖകൾ ലഭിച്ചു

പാലക്കാട്: സ്വകാര്യ പമ്പിൽ നിന്ന് വാങ്ങിക്കുന്ന ഡീസലിന്റെ അളവ് കുറച്ച് പാലക്കാട് കെഎസ്ആർടിസി. 3,200 മുതൽ 3,500 ലിറ്റർ ഡീസൽ വരെയാണ് പ്രതിദിനം പാലക്കാട് കെഎസ്ആർടിസി സ്വകാര്യ പമ്പിൽ നിന്ന് വാങ്ങിയിരുന്നത്. എന്നാൽ, റിപ്പോർട്ടർ വാർത്തയെ തുടർന്ന് വാങ്ങുന്ന ഡീസലിന്റെ അളവ് 1,000 ലിറ്ററോളമായി കുറച്ചു. സ്വകാര്യ പമ്പിൽ നിന്നും വാങ്ങുന്ന ഡീസലിൻ്റെ അളവ് കുറച്ചതിന്റെ രേഖകൾ റിപ്പോർട്ടറിന് ലഭിച്ചു.

കെഎസ്ആ‍ർടിസി ഡിപ്പോയിൽ പെട്രോൾ പമ്പ് പ്രവർത്തിക്കാത്തതിനാൽ കോർപ്പറേഷന് കോടികളുടെ നഷ്ടമാണ് ഉണ്ടായിക്കൊണ്ടിരുന്നത്. നവീകരണത്തിന്റെ ഭാഗമായി പൊളിച്ചിട്ട ഡിപ്പോയിലെ പെട്രോൾ പമ്പ് രണ്ടര വർഷമായിട്ടും പുനർനിർമിച്ചിട്ടില്ല. നിലവിൽ കെഎസ്ആർടിസി പാലക്കാട് ഡിപ്പോയിലെ ഭൂരിഭാഗം ബസുകളിലും ഡീസൽ നിറയ്ക്കുന്നത് സ്വകാര്യ പമ്പിൽ നിന്നാണ്. ഇതുവഴി കെഎസ്ആർടിസിക്ക് വലിയ നിലയിലുള്ള നഷ്ടം സംഭവിക്കുന്നതായി പരാതി ഉയർന്നിരുന്നു.

കെഎസ്ആർടിസിയുടെ സ്വന്തം പമ്പിൽ നിന്നും ഡീസൽ അടിക്കുമ്പോൾ വിപണി വിലയിൽ നിന്നും ലിറ്ററിന് നാല് രൂപ കുറച്ചാണ് ലഭിക്കുന്നത്. എന്നാൽ സ്വകാര്യ പമ്പിൽ നിന്നും ഡീസൽ അടിക്കുമ്പോൾ പാലക്കാട് ഡിപ്പോയിലെ ബസുകൾക്ക് വിപണി വിലയിൽ നിന്നും ഒരു രൂപ മാത്രമാണ് ഇളവ് ലഭിക്കുന്നത്. ഇത് പ്രകാരം ഒരു ലിറ്റർ ഡീസൽ അടിക്കുമ്പോൾ കെഎസ്ആർടിസിക്ക് നഷ്ടം മൂന്ന് രൂപയോളമാണ്. ഇത് പ്രകാരം പ്രതിദിനം 10,000 രൂപ മുതൽ 14,000 രൂപ വരെയാണ് നഷ്ടം.

റിപ്പോർട്ടർ വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെ ഡിപ്പോയിലെ പെട്രോൾ പമ്പ് പണി ഉടൻ പുനരാരംഭിക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ ഉറപ്പ് നൽകിയിരുന്നു. പമ്പ് ഹിന്ദുസ്ഥാൻ പെട്രോളിയത്തിന് നൽകാൻ നടപടിയായി എന്നും പമ്പിനുള്ളിലെ ശുചിമുറി മാറ്റി സ്ഥാപിക്കാനുള്ള ഡിസൈൻ നൽകിയെന്നും ഗതാഗതമന്ത്രി റിപ്പോർട്ടറിനോട് പറഞ്ഞിരുന്നു.

Content Highlights: KSRTC decreases buying diesel from private pumps

To advertise here,contact us