ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസില് മുന്കൂര് ജാമ്യം തേടി നടന് ശ്രീനാഥ് ഭാസി. കേസ് വ്യാജവും കെട്ടിച്ചമച്ചതുമാണെന്ന് ശ്രീനാഥ് ഭാസി മുന്കൂര് ജാമ്യത്തില് അറിയിച്ചു. പ്രതി തസ്ലീമ സുല്ത്താനയില് നിന്ന് കഞ്ചാവ് വാങ്ങിയിട്ടില്ല. അറസ്റ്റ് ചെയ്താല് സിനിമയുടെ ഷൂട്ടിംഗ് മുടങ്ങുമെന്നും നടന് മുന്കൂര് ജാമ്യാപേക്ഷയില് പറയുന്നു.
ആലപ്പുഴയില് നിന്നാണ് രണ്ട് കോടി വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി തസ്ലീമ സുല്ത്താനയെ അറസ്റ്റ് ചെയ്തത്. ശ്രീനാഥ് ഭാസിക്കും ഷൈന് ടോം ചാക്കോയ്ക്കും കഞ്ചാവ് കൈമാറിയെന്ന് തസ്ലീമ മൊഴി നല്കിയിരുന്നു. നടന്മാര്ക്കൊപ്പം പല തവണ ലഹരി ഉപയോഗിച്ചതായും തസ്ലീമ മൊഴി നല്കിയെന്നാണ് വിവരം. തസ്ലീമയും നടന്മാരും തമ്മിലുള്ള ചാറ്റ് എക്സൈസിന് ലഭിച്ചിരുന്നു.
സമീപകാലത്ത് പിടികൂടുന്ന ഏറ്റവും വലിയ ഹൈബ്രിഡ് കഞ്ചാവ് വേട്ടയാണ് നടന്നതെന്നായിരുന്നു തസ്ലീമയെ പിടിച്ചതിന് പിന്നാലെ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര് എസ് വിനോദ് കുമാര് റിപ്പോര്ട്ടറിനോട് പറഞ്ഞത്. യുവതിയ്ക്ക് സിനിമാ മേഖലയിലെ ഉന്നതരുമായി ബന്ധമുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വിദേശത്ത് നിന്നും എത്തിച്ച ഹൈബ്രിഡ് കഞ്ചാവ് എറണാകുളത്ത് യുവതി വിതരണം ചെയ്തിരുന്നു. എന്നാല് ആലപ്പുഴയിലും വിതരണ സംവിധാനം ഉണ്ടാക്കിയതോടെ എക്സൈസിന്റെ പിടിവീഴുകയായിരുന്നു.
Content Highlights: Alappuzha cannabis case Actor Sreenath Bhasi seek anticipatory bail