ഐബി ഉദ്യോഗസ്ഥയുടെ മരണം; മാനസിക, ശാരീരിക പീഡനത്തിന്റെ തെളിവുകള്‍ ലഭിച്ചുവെന്ന് ഡിസിപി

പെട്ടെന്നുള്ള പ്രകോപനമാണ് ജീവനൊടുക്കാൻ കാരണമായതെന്നും ഡിസിപി പറഞ്ഞു

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡിസിപി നകുല്‍ രാജേന്ദ്ര ദേശ്മുഖ്. പെട്ടെന്നുള്ള പ്രകോപനമാണ് ആത്മഹത്യയ്ക്ക് കാരണമായത്. മാനസികവും ശാരീരികമായി പീഡിപ്പിച്ചതില്‍ ചില തെളിവുകള്‍ ലഭിച്ചു. അത് പരിശോധിച്ചുവരികയാണ്. അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നും ഡിസിപി പറഞ്ഞു.

പ്രതി സുകാന്തിനായി അന്വേഷണം നടന്നുവരികയാണെന്നും ഡിസിപി പറഞ്ഞു. പൊലീസ് രണ്ട് ടീമായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. പ്രതിയെ പിടികൂടിയാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂ. ഇയാള്‍ക്കായി കേരളത്തിന് പുറത്തും അന്വേഷണം നടക്കുന്നുണ്ട്. ഐബി ഉദ്യോഗസ്ഥ മൂന്ന് ലക്ഷത്തോളം രൂപ സുകാന്തിന് കൈമാറിയതായി വ്യക്തമായിട്ടുണ്ടെന്നും ഡിസിപി വ്യക്തമാക്കി.

ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ പ്രതി സുകാന്തിനെതിരെ അന്വേഷണ സംഘം കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയിരുന്നു. പണം തട്ടിയെടുത്തുവെന്ന കുറ്റമായിരുന്നു ചുമത്തിയത്. നേരത്തേ ഇയാള്‍ക്കെതിരെ തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിരുന്നു.

മാര്‍ച്ച് 24നാണ് പേട്ട റെയില്‍വേ സ്റ്റേഷന് സമീപം ഐബി ഉദ്യോഗസ്ഥയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെ ഐബി ഉദ്യോഗസ്ഥ ട്രാക്കിന് കുറുകേ കിടന്നതാണെന്ന് വ്യക്തമാക്കി ലോക്കോ പൈലറ്റ് രംഗത്തെത്തിയിരുന്നു. മരിക്കുന്നതിന് തൊട്ടുമുന്‍പ് ഐബി ഉദ്യോഗസ്ഥ സുകാന്തുമായി ഫോണില്‍ സംസാരിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.

Content Highlights- DCP reaction on ib officer death

To advertise here,contact us