പാലക്കാട്: പാലക്കാട് മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അലന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് പാലക്കാട് ACF ബി രഞ്ജിത്ത്. കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ അലന്റെ അമ്മ വിജിക്ക് ചികിത്സാ സഹായമായി ഒരുലക്ഷം രൂപയും ഇന്ന് കൈമാറുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ചികിത്സയിലുള്ള അലൻ്റെ അമ്മ വിജിയുടെ ചികിത്സയും, കുടുംബത്തിന് ധനസഹായവും സർക്കാർ പ്രഖ്യാപിച്ച ശേഷം മാത്രമേ അലന്റെ പോസ്റ്റ്മോർട്ടം നടത്തൂ എന്നറിയിച്ച് ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. നാട്ടുകാരുടെയും ബന്ധുക്കളുടെയും പ്രതിഷേധത്തെ തുടർന്ന് നടപടികൾ വൈകുകയും ചെയ്തിരുന്നു.
അധികാരികളില് നിന്ന് ഉറപ്പുകള് ലഭിച്ച ശേഷമാണ് പോസ്റ്റുമോർട്ടത്തിന് ബന്ധുക്കള് അനുമതി നല്കിയത്. അലന്റെ സംസ്കാര ചടങ്ങുകൾ നാളെ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. മൈലംപുള്ളിയിലെ സെമിത്തേരിയിൽ വെച്ചായിരിക്കും സംസ്കാരം. മൃതദേഹം പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിക്കും.
അതേസമയം അലന്റെ മരണവുമായി ബന്ധപ്പെട്ട് പാലക്കാട് ഡിഎഫ്ഒ ഓഫീസിലേക്ക് ബിജെപി നടത്തിയ മാർച്ചിൽ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും നടന്നിരുന്നു. മുണ്ടൂർ മേഖലയില് സിപിഐഎം ആഹ്വാനം ചെയ്ത ഹർത്താല് തുടരുകയാണ്.
കഴിഞ്ഞ ദിവസം കണ്ണാടന് ചോലയ്ക്ക് സമീപത്ത് വെച്ചായിരുന്നു അലനെയും അമ്മ വിജിയെയും കാട്ടാന ആക്രമിച്ചത്. കടയില് നിന്നും സാധനങ്ങള് വാങ്ങി തിരികെ വീട്ടിലെക്ക് മടങ്ങും വഴിയായിരുന്നു സംഭവം. മുണ്ടൂരിലും പ്രദേശങ്ങളിലും കഴിഞ്ഞ ഒരാഴ്ചയായി നിലയുറപ്പിച്ചിരുന്ന കാട്ടാനകളാണ് ആക്രമണം നടത്തിയത്. പരിക്കേറ്റ വിജി ഫോണില് വിവരം അറിയിച്ചതിനെ തുടര്ന്നാണ് നാട്ടുകാരെത്തിയത്. ആക്രമണത്തില് ഗുരുതരമായി പരിക്കേറ്റ അലന് ആശുപത്രിയിലെത്തിക്കും മുമ്പേ മരിച്ചിരുന്നു. പരിക്കേറ്റ വിജി തൃശൂര് മെഡിക്കല് കോളേജ് ആശുപത്രിയില് ചികിത്സയിലാണ്.
Content Highlights:Family of Alan killed in forest attack to receive Rs 5 lakh