വി എസ് അച്യുതാനന്ദനെ സന്ദര്‍ശിച്ച് എംഎ ബേബി; 'പാര്‍ട്ടി ബാലപാഠങ്ങള്‍ പഠിച്ചത് വിഎസില്‍ നിന്ന്'

അതേസമയം, വെള്ളാപ്പള്ളിയുടെ മലപ്പുറം വിരുദ്ധ പരാമര്‍ശം ദൗര്‍ഭാഗ്യകരമാണെന്നും ഉത്തരവാദിത്തത്തില്‍ സംസാരിക്കേണ്ട ആളാണ് വെള്ളാപ്പള്ളിയെന്നും എം എ ബേബി പ്രതികരിച്ചിരുന്നു.

തിരുവനന്തപുരം: സിപിഐഎം മുതിര്‍ന്ന നേതാവായ വി എസ് അച്യുതാനന്ദനെ സന്ദര്‍ശിച്ച് പാര്‍ട്ടിയുടെ പുതിയ ജനറല്‍ സെക്രട്ടറിയായ എംഎ ബേബി. സന്ദര്‍ശനത്തിന് ശേഷം ബേബി മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു. സഖാവ് വി എസ് ജനങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ആരാണെന്നുള്ളത് എല്ലാവര്‍ക്കും അറിയാം. പാര്‍ട്ടിയുടെ ബാലപാഠങ്ങള്‍ പഠിച്ചത് വിഎസില്‍ നിന്ന്. അതുകൊണ്ടാണ് ആദ്യം അദ്ദേഹത്തെ കാണാന്‍ വേണ്ടി എത്തിയതെന്ന് എം എ ബേബി പറഞ്ഞു.

അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ ഞാനും മന്ത്രിയായിരുന്നു. മധുരയിലെ പാര്‍ട്ടി കോണ്‍ഗ്രസിന്റെ എല്ലാ വിവരങ്ങളും അദ്ദേഹത്തെ മകന്‍ അറിയിച്ചിരുന്നു. അദ്ദേഹത്തെ കണ്ടു സംസാരിക്കാന്‍ സാധിക്കാത്തതുകൊണ്ട് മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിച്ച് അഭിസംബോധന ചെയ്തുവെന്നും എം എ ബേബി പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും എല്‍ഡിഎഫിനെ പിണറായി തന്നെ നയിക്കുമെന്ന് എം എ ബേബി റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. പിണറായി തന്നെയാണ് ക്യാപ്റ്റനെന്നും റിപ്പോര്‍ട്ടറിനോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. സിപിഐഎമ്മിന്റെ ഏറ്റവും തലമുതിര്‍ന്ന നേതാവാണ് പിണറായി, ജനങ്ങള്‍ക്കിടയില്‍ ഏറ്റവും സ്വീകാര്യനാണ് അദ്ദേഹം. അങ്ങനെ ഒരാള്‍ അല്ലാതെ ആരാണ് എല്‍ഡിഎഫിനെ നയിക്കേണ്ടത്? പ്രളയം ഉണ്ടായപ്പോള്‍ കുടുംബനാഥനെ പോലെ ജനങ്ങളെ ചേര്‍ത്ത് നിര്‍ത്തി രക്ഷകര്‍ത്താവിന്റെ സ്ഥാനം വഹിച്ചയാളാണ് പിണറായിയെന്ന് എം എ ബേബി റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

അതേസമയം, വെള്ളാപ്പള്ളിയുടെ മലപ്പുറം വിരുദ്ധ പരാമര്‍ശം ദൗര്‍ഭാഗ്യകരമാണെന്നും ഉത്തരവാദിത്തത്തില്‍ സംസാരിക്കേണ്ട ആളാണ് വെള്ളാപ്പള്ളിയെന്നും എം എ ബേബി പ്രതികരിച്ചു. ആര്‍എസ്എസിന്റെ മുഖപത്രത്തിന്റെ ഭീഷണിക്ക് ഭാഗമായി എമ്പുരാനില്‍ നിന്ന് നീക്കം ചെയ്ത ഭാഗങ്ങള്‍ നവഫാസിസത്തിന്റേതാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്കും സംഘപരിവാറിനും എതിരായി രാഷട്രീയ പോരാട്ടമുഖം ക്ഷമാപൂര്‍വം വികസിപ്പിച്ച് എടുക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ നവഫാസിസ്റ്റുക്കള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ സിപിഐഎമ്മിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ട എല്ലാ മുന്‍കൈയും എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights: MA Baby visits VS Achuthanandan

To advertise here,contact us