സർക്കാർ ജീവനക്കാർക്ക് ആശ്വാസം: ശമ്പളം നല്‍കാനുള്ള തുക പാസ്സാക്കി, അനുവദിച്ചത് 41 കോടി രൂപ

ശമ്പളം ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഭരണാനുകൂല സംഘടനയിലെ എന്‍ജിഒ ധനകാര്യ മന്ത്രിക്ക് പരാതി നല്‍കിയിരുന്നു

തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശ്വാസം. ശമ്പളം കൊടുക്കാനുള്ള തുക പാസ്സാക്കി. 41 കോടി രൂപ അനുവദിച്ച് ധന വകുപ്പ് ഉത്തരവിറക്കി. ഇതോടെ ജീവനക്കാര്‍ക്ക് ശമ്പളം ഉടന്‍ കിട്ടിത്തുടങ്ങും. ശമ്പളം ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഭരണാനുകൂല സംഘടനയിലെ എന്‍ജിഒ ധനകാര്യ മന്ത്രിക്ക് പരാതി നല്‍കിയിരുന്നു.

വനിതാ ശിശുവികസന വകുപ്പിന് കീഴിലെ ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാരുടെ ശമ്പളമായിരുന്നു മുടങ്ങിയത്. പദ്ധതിക്ക് ബജറ്റില്‍ പണം നീക്കിവെക്കാത്തതായിരുന്നു ശമ്പളം കിട്ടാതിരിക്കാന്‍ കാരണം. അങ്കണവാടികളുടെ സര്‍ക്കാര്‍ ചുമതലയുള്ള 1276 വനിതാ ഉദ്യോഗസ്ഥരുടെ ശമ്പളം മുടങ്ങിയിട്ടും ആരോഗ്യ വകുപ്പ് ഇടപെടുന്നില്ലെന്ന ആക്ഷേപവുണ്ടായിരുന്നു.

തുടര്‍ന്നാണ് ജീവനക്കാര്‍ക്ക് ഉടന്‍ ശമ്പളം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് എന്‍ജിഒ യൂണിയന്‍ ധനമന്ത്രിക്ക് പരാതി നല്‍കിയത്. മിഷന്‍ വാത്സല്യ പദ്ധതിയിലും ശമ്പളം മുടങ്ങിയിരുന്നു. ഇതില്‍ 14 സ്ഥിരം ജീവനക്കാരുണ്ട്.

Content Highlights: The amount to pay the salaries has been passed after employees of health department s complaint

To advertise here,contact us