ഡ്യൂട്ടിക്കിടെ മദ്യപിച്ചെത്തി; പത്തനാപുരത്ത് രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കണ്‍ട്രോള്‍ റൂമിലെ ഗ്രേഡ് എസ്ഐ സന്തോഷ് കുമാര്‍, ഡ്രൈവര്‍ സുമേഷ് ലാല്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്

കൊല്ലം: പത്തനാപുരത്ത് മദ്യപിച്ച് ജോലി ചെയ്തതായി ആരോപണമുയര്‍ന്ന പൊലീസുകാരെ സസ്പെൻഡ് ചെയ്തു. കണ്‍ട്രോള്‍ റൂമിലെ ഗ്രേഡ് എസ്ഐ സന്തോഷ് കുമാര്‍, ഡ്രൈവര്‍ സുമേഷ് ലാല്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

ഡ്യൂട്ടി സമയത്ത് മദ്യപിച്ച് അപകടകരമായ നിലയിൽ വാഹനം ഓടിച്ച ഇരുവരേയും നാട്ടുകാർ പിടികൂടിയിരുന്നു. ഇത് സംബന്ധിച്ച് റിപ്പോർട്ടർ വാർത്ത നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരേയും സസ്പെൻഡ് ചെയ്തുകൊണ്ട് റൂറല്‍ എസ്പി സാബു മാത്യു ഉത്തരവ് പുറപ്പെടുവിച്ചത്. മദ്യപിച്ച് ജോലിക്കെത്തിയതിന് സുമേഷ് ഇതിന് മുൻപും വകുപ്പുതല നടപടി നേരിട്ടിട്ടുണ്ട്.

ഏപ്രില്‍ നാലിനാണ് കണ്‍ട്രോള്‍ റൂം വാഹനത്തിലെത്തിയ രണ്ട് പൊലീസുകാരെ മദ്യപിച്ച് ലക്കുകെട്ട നിലയിൽ നാട്ടുകാർ പിടികൂടിയത്. നാട്ടുകാര്‍ ഈ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. ഇതിനിടെ പൊലീസ് ഉദ്യോഗസ്ഥർ നാട്ടുകാർക്കിടയിലൂടെ വാഹനം ഓടിച്ച് കടന്നുകളയുകയായിരുന്നു. സംഭവം വാര്‍ത്തയായതോടെ ഇരുവര്‍ക്കുമെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കൂടാതെ നടപടിയെടുക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറും പറഞ്ഞിരുന്നു.

Content Highlight : In Pathanapuram, policemen who were accused of working under the influence of alcohol were suspended

To advertise here,contact us