മലപ്പുറം: ബെംഗളൂരുവില് നടന്ന വാഹനാപകടത്തില് മലയാളി യുവാവിന് ദാരുണാന്ത്യം. മലപ്പുറം തിരൂർ കല്ലിങ്ങലകത്ത് സ്വദേശി മുജീബ് റഹ്മാന്റെ മകന് അബൂബക്കര് സയ്യാ(23)നാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 12.10-ന് വൈറ്റ്ഫീല്ഡ് വര്ത്തൂര് പൊലീസ് സ്റ്റേഷന് മുന്നിലാണ് അപകടം നടന്നത്. സയ്യാന് സഞ്ചരിച്ച ബൈക്കില് എതിരെ വന്ന ലോറിയിടിക്കുകയായിരുന്നു. തെറിച്ചുവീണ സയ്യാന്റെ ദേഹത്തുകൂടി ലോറി കയറിയിറങ്ങിയാണ് അപകടം. ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു.
സുഹൃത്തിനെ റൂമിലാക്കിയ ശേഷം ഹോട്ടലില്നിന്ന് ഭക്ഷണം വാങ്ങി താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. സയ്യാനെ ഇടിച്ചിട്ട വണ്ടി നിര്ത്താതെ പോയി. വീഴ്ച്ചയുടെ ആഘാതത്തില് യുവാവ് സംഭവസ്ഥലത്തു വെച്ചുതന്നെ മരണപ്പെട്ടു. നാട്ടുകാര് അറിയിച്ചതിനെ തുടര്ന്നാണ് പൊലീസെത്തി തുടര്നടപടികള് സ്വീകരിച്ചത്. സംഭവത്തില് കാഡുഗൊഡി ട്രാഫിക് പൊലീസ് കേസെടുത്തിട്ടുണ്ട്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള് ശേഖരിച്ചിട്ടുണ്ടെന്നും യുവാവിനെ ഇടിച്ചിട്ട ലോറിക്കായി അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ വര്ഷമായിരുന്നു ബെംഗളൂരു ഗാര്ഡന് സിറ്റി യൂണിവേഴ്സിറ്റിയില് നിന്ന് സയ്യാന് ഫോറന്സിക് സയന്സില് ബിരുദാനന്തര ബിരുദം പൂര്ത്തിയാക്കിയത്. പോസ്റ്റ്മോര്ട്ടം പൂര്ത്തിയായി. ഇന്ന് രാത്രിയോടെ മൃതശരീരം നാട്ടിലേക്ക് കൊണ്ടുപോകും. അര്ധരാത്രി 1.30 ഓടെ കാവഞ്ചേരി മഹല്ല് ജുമുത്ത് പളളി ഖബര്സ്ഥാനില് ഖബറടക്കും. റജീനയാണ് സയ്യാന്റെ മാതാവ്. അബൂബക്കര് റയ്യാന്, ഫാത്തിമ സിയ എന്നിവരാണ് സഹോദരങ്ങള്.
Content Highlights: Kerala youth dies in bengaluru accident