'ആത്മീയകാര്യങ്ങളാലാണ് വീട്ടില്‍ പ്രസവം നടത്തിയതെന്ന് മൊഴി, സഹായം ചെയ്തവരിലേക്കും അന്വേഷണം'; മലപ്പുറം എസ്പി

സഹായം ചെയ്തവരിലേക്കും അന്വേഷണം നടത്തുമെന്ന് എസ്പി വിശ്വനാഥ്

മലപ്പുറം: വീട്ടിലെ പ്രസവത്തില്‍ യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സിറാജുദ്ദീനെതിരെ തെളിവ് നശിപ്പിക്കല്‍ വകുപ്പും ചേര്‍ക്കുമെന്ന് മലപ്പുറം എസ്പി ആര്‍ വിശ്വനാഥ്. നിലവില്‍ സിറാജുദ്ദീനെ ഒന്നാം പ്രതിയാക്കി അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും എസ്പി വ്യക്തമാക്കി. ബിഎന്‍എസ് 105, 238 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. നരഹത്യാ കുറ്റവും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ടെന്ന് എസ്പി മാധ്യമങ്ങളോട് പ്രതികരിച്ചു.

'ആശുപത്രിയിലായിരുന്നു എങ്കില്‍ ബുദ്ധിമുട്ട് ഒഴിവാക്കാമായിരുന്നു എന്നാണ് പോസ്റ്റുമോര്‍ട്ടം ചെയ്ത സര്‍ജന്‍ പറഞ്ഞത്. സഹായം ചെയ്തവരിലേക്കും അന്വേഷണം നടത്തും. ആദ്യ രണ്ട് പ്രസവം ആശുപത്രിയിലും മൂന്നെണ്ണം വീട്ടിലുമെന്നാണ് മൊഴി. പ്രതി ആലപ്പുഴ സ്വദേശിയാണ്. രണ്ട് പ്രസവവും ആലപ്പുഴയിലാണ് നടന്നത്. പ്രതിക്ക് ക്രിമിനല്‍ റെക്കോര്‍ഡുകളൊന്നുമില്ല', എസ്പി പറഞ്ഞു.

അഞ്ചിന് വൈകുന്നേരം ആറ് മണിയോടെയാണ് പ്രസവം നടന്നതെന്നും രാത്രിയോടെ അസ്മ മരിച്ചെന്നും സിറാജുദ്ദീന്‍ മൊഴി നല്‍കിയതായും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പിറ്റേന്ന് പുലര്‍ച്ചെയാണ് മൃതദേഹം കൊണ്ടുപോയത്. ഇയാളെ ആരെങ്കിലും സഹായിച്ചിട്ടുണ്ടെങ്കില്‍ അവരിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്നും സാമൂഹ്യ മാധ്യമങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുമെന്നും എസ്പി പറഞ്ഞു.

'ആത്മീയകാര്യങ്ങളില്‍ താല്‍പര്യമുള്ള ആളാണ് സിറാജുദ്ദീന്‍. ആത്മീയകാര്യങ്ങളാലാണ് വീട്ടിലെ പ്രസവമെന്ന് പറയുന്നു. രണ്ട് പ്രസവം വീട്ടില്‍ നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ചെയ്തത്. വീട്ടിലെ പ്രസവത്തിന് അസ്മ പിന്തുണച്ചിരുന്നോയെന്ന അന്വേഷണം നടത്തും. സിറാജുദ്ദീന്റെ പ്രേരണയുണ്ടായിരുന്നുവെന്നാണ് ഇപ്പോള്‍ മനസിലാകുന്നത്', എസ്പി വ്യക്തമാക്കി.

സിറാജുദ്ദീന്റെ പ്രധാന ജോലി യുട്യൂബ് ചാനലും മതപ്രഭാഷണവുമാണെന്നും അദ്ദേഹം പറഞ്ഞു. അസ്മ അക്യുപങ്ചര്‍ പഠിച്ചതായി മൊഴിയുണ്ടെന്നും പ്രതി പഠിച്ചുവെന്ന് പറഞ്ഞിട്ടില്ലെന്നും എസ്പി വിശ്വനാഥ് വ്യക്തമാക്കി.

Content Highlights: Malappuram SP s reaction on Home Birth incident

To advertise here,contact us