മലപ്പുറം: നിലമ്പൂര് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്ത്ഥി നിര്ണയ ചര്ച്ചകള് ആരംഭിച്ച് സിപിഐഎം. യുഡിഎഫ് സ്ഥാനാര്ത്ഥിയെ പ്രഖ്യാപിച്ചതിന് ശേഷമേ എല്ഡിഎഫ് സ്ഥാനാര്ത്ഥിയെ തീരുമാനിക്കൂ. ആര്യാടന് ഷൗക്കത്തിനെ യുഡിഎഫ് സ്ഥാനാര്ത്ഥിയാക്കിയില്ലെങ്കില് അദ്ദേഹത്തെ എല്ഡിഎഫ് സ്ഥാനാര്ത്ഥിയാക്കാന് സിപിഐഎം കാര്യമായി തന്നെ ശ്രമിക്കുമെന്നാണ് പാര്ട്ടിക്കുള്ളില് നിന്നുള്ള വിവരം.
അതേ സമയം ഷൗക്കത്തിനെ യുഡിഎഫ് സ്ഥാനാര്ത്ഥിയാക്കിയാല് ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് പി ഷബീറിനെ സ്ഥാനാര്ത്ഥിയാക്കാനാണ് സിപിഐഎം ആലോചന. ജില്ലാ പഞ്ചായത്തംഗം ഷെറോണ റോയിയുടെ പേരും ചര്ച്ചകളിലുണ്ട്.
അതേ സമയം നിലമ്പൂരില് നിന്നുള്ളവരല്ലാതെ സംസ്ഥാന തലത്തില് പ്രവര്ത്തിക്കുന്ന ഏതെങ്കിലും നേതാക്കളെ യുഡിഎഫ് സ്ഥാനാര്ത്ഥിയാക്കിയേക്കും എന്നും എല്ഡിഎഫ് പ്രതീക്ഷിക്കുന്നുണ്ട്. അങ്ങനെയെങ്കില് എം സ്വരാജിനെ മത്സരിപ്പിക്കാനാണ് ഇടതുപക്ഷത്തെ ധാരണ.
നിലമ്പൂര് നിയമസഭ ഉപതിരഞ്ഞെടുപ്പില് പി വി അന്വര് ഫാക്ടറല്ലെന്ന് സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറി വി പി അനില് നേരത്തെ പറഞ്ഞിരുന്നു. അന്വര് വലതുപക്ഷത്തിന്റെ കളിപ്പാവയായി മാറിയെന്നും അദ്ദേഹം പറഞ്ഞു. സ്വതന്ത്ര സ്ഥാനാര്ത്ഥി പരീക്ഷണം തെറ്റാണെന്ന് പറയാന് കഴിയില്ല.തങ്ങളുമായി സഹകരിക്കുന്ന സഹയാത്രികരെ കൂടെ നിര്ത്തുമെന്നും വി പി അനില് പറഞ്ഞു.
സിപിഐഎം സ്വതന്ത്രനായാണ് അന്വര് നിലമ്പൂരില് നിന്നും വിജയിച്ചത്. തുടര്ച്ചയായി രണ്ട് തവണ നിലമ്പൂരില് നിന്നും വിജയിച്ച അന്വര് ആര്യാടന് മുഹമ്മദിന്റെ കുത്തക മണ്ഡലമായിരുന്ന നിലമ്പൂരിനെ ഇടതുപക്ഷത്തിന് അനുകൂലമാക്കുകയായിരുന്നു. പിന്നീട് സിപി ഐഎമ്മുമായി അകലുകയായിരുന്നു. വരുന്ന ഉപതിരഞ്ഞെടുപ്പില് നിലമ്പൂരില് മത്സരിക്കാനില്ലെന്ന് അന്വര് പ്രഖ്യാപിച്ചിരുന്നു.
'നിലമ്പൂരില് മത്സരിക്കില്ല. യുഡിഎഫ് നിര്ത്തുന്ന കോണ്ഗ്രസ് സ്ഥാനാര്ത്ഥിക്ക് നിരുപാധിക പിന്തുണ നല്കും. സര്ക്കാരിന്റെ അവസാനത്തില് നടത്തുന്ന തിരഞ്ഞെടുപ്പ് പിണറായിസത്തിനെതിരായ ആണിയായി മാറേണ്ടതുണ്ട്. തൃണമൂലിന്റെ പ്രവര്ത്തനവുമായി മുന്നോട്ട് പോകും. മലയോര കര്ഷകരുടെ പൂര്ണ പിന്തുണ കൂടി ആര്ജിച്ച് പിണറായിസത്തിന്റെ അവസാനം നിലമ്പൂര് ഉപതിരഞ്ഞെടുപ്പിലായിരിക്കും. പരിപൂര്ണ്ണ പിന്തുണ യുഡിഎഫിന് നല്കും. കൗണ്ട്ഡൗണ് ആരംഭിക്കുകയാണ്', എന്നാണ് പി വി അന്വര് പറഞ്ഞത്.
Content Highlights: CPI(M) begins discussions on candidate selection for Nilambur by-election