കോഴിക്കോട്: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മലപ്പുറം പരാമർശത്തെക്കുറിച്ച് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. സമുദായ നേതാക്കൾ സമുദായത്തിനു വേണ്ടിയാണ് പറയുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞത് അവരുടെ സമുദായത്തിന് വേണ്ടിയാണെന്നുമായിരുന്നു ജോർജ് കുര്യന്റെ പ്രതികരണം. അങ്ങനെ പറയാൻ പാടില്ലെന്ന് പറയാൻ കഴിയില്ല. ഗുരുദേവന്റെ ആശയം നിങ്ങൾ വെള്ളാപ്പള്ളിയോട് പറഞ്ഞാൽ മതി. മലപ്പുറം നല്ല രാജ്യം എന്ന് പറഞ്ഞത് ആ ജില്ലയുടെ കരുത്താണെന്നും ജോർജ് കുര്യൻ കൂട്ടിച്ചേർത്തു.
ആരോഗ്യരംഗത്തിൽ മുന്നേറ്റം ഉണ്ടാക്കിയ സംസ്ഥാനമാണ് കേരളം. വീട്ടിലെ പ്രസവം പ്രോത്സാഹിപ്പിക്കാൻ പാടില്ലെന്നും ഇത് കേരളത്തിന്റെ അടുത്ത തലമുറയെയും സ്ത്രീകളെയും കുട്ടികളെയും ബാധിക്കുന്നതാണെന്നും ജോർജ് കുര്യൻ പറഞ്ഞു.
മലപ്പുറം ഒരു പ്രത്യേക രാജ്യമാണെന്നും പ്രത്യേകം ചിലയാളുകളുടെ സംസ്ഥാനമാണെന്നുമുള്ള വെള്ളാപ്പള്ളിയുടെ പരാമർശം വലിയ വിവാദമായിരുന്നു. എസ്എൻഡിപി യോഗം നിലമ്പൂർ യൂണിയൻ സംഘടിപ്പിച്ച കൺവെൻഷനിൽ സംസാരിക്കുമ്പോഴായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശങ്ങൾ. എന്നാൽ താൻ പറഞ്ഞത് സമുദായത്തിന്റെ പിന്നാക്കാവസ്ഥയെപ്പറ്റിയാണെന്നും തന്റെ സമുദായത്തിന്റെ വികാരവും വിചാരവും ദുഃഖവും മനസിലാക്കണമെന്നുമായിരുന്നു വിവാദങ്ങൾക്ക് പിന്നാലെയുള്ള വെള്ളാപ്പള്ളിയുടെ പ്രതികരണം.
ഈഴവ സമുദായത്തിന് കീഴിൽ ഒരു വിദ്യാഭ്യാസ സ്ഥാപനവും മലപ്പുറത്ത് ഇല്ലെന്നും വെള്ളാപ്പള്ളി നടേശൻ ചൂണ്ടിക്കാട്ടി. മലപ്പുറത്ത് ഒരു അൺ എയ്ഡഡ് കോളേജ് പോലും തങ്ങൾക്ക് കിട്ടിയിട്ടില്ല. ലീഗ് ഈഴവ സമുദായത്തെയും തന്നെയും ചതിച്ചു. മലപ്പുറം മുസ്ലിങ്ങളുടെ ഒരു രാജ്യമല്ല, പരാമർശങ്ങൾ തെറ്റായ രീതിയിൽ വളച്ചൊടിക്കുകയായിരുന്നു. താൻ മുസ്ലിം വിരോധിയല്ലെന്നും ബാബരി മസ്ജിദ് തകർത്തപ്പോൾ എസ്എൻഡിപിയല്ലേ എതിർത്തത് എന്നും വെള്ളാപ്പള്ളി ചോദിച്ചിരുന്നു.
Content Highlights: george kurian on vellappally natesan's statement