കൊച്ചി: മുനമ്പം വഖഫ് കേസില് മലക്കം മറിഞ്ഞ് ഭൂമി വഖഫ് ചെയ്ത സിദ്ധീഖ് സേഠിന്റെ മകളുടെ മക്കള്. ഭൂമി വഖഫല്ലെന്ന് സിദ്ധീഖ് സേഠിന്റെ മകളുടെ മക്കളുടെ അഭിഭാഷന് വഖഫ് ട്രൈബ്യൂണലില് വ്യക്തമാക്കി. മുനമ്പത്തെ ഭൂമി വഖഫാണെന്നും തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ട് വഖഫ് ബോര്ഡില് ഹര്ജി നല്കിയ സുബൈദയുടെ മക്കളാണ് നിലപാട് മാറ്റിയത്.
കഴിഞ്ഞ ദിവസം കോഴിക്കോട് ട്രൈബ്യൂണലില് പ്രാഥമിക വാദം ആരംഭിച്ചിരുന്നു. വഖഫ് ബോര്ഡ്, ഫറൂഖ് കോളേജ്, മുനമ്പം നിവാസികള് എന്നിവര്ക്കൊപ്പം സുബൈദയുടെ മക്കളില് രണ്ടുപേരും കക്ഷി ചേര്ന്നിരുന്നു. ഫറൂഖ് കോളജ് അധികൃതരുടെയും മുനമ്പം നിവാസികളുടേയും അതേ നിലപാടാണ് ഇതുവരെ വഖഫ് ഭൂമിയാണെന്ന് പറഞ്ഞിരുന്നവര് ഇപ്പോള് സ്വീകരിച്ചിരിക്കുന്നത്. അഭിഭാഷകനായ സജീദാണ് ഇവര്ക്ക് വേണ്ടി ഹാജരായത്.
പറവൂര് കേസിലും ബോര്ഡിന്റെ സിറ്റിങ്ങിലുമുള്പ്പെടെ മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന നിലപാടായിരുന്നു സിദ്ധീഖ് സേഠിന്റെ മകളുടെ മക്കളെടുത്തത്. ഭൂമി തിരിച്ചെടുക്കണമെന്നും ഇവര് ആവശ്യപ്പെട്ടിരുന്നു. സിദ്ധീഖ് സേഠിന്റെ മകളുടെ മക്കളുടെ ഈ നിലപാട് മാറ്റം ഫറൂഖ് കോളജിനും മുനമ്പം നിവാസികള്ക്കും സഹായകമാവും.
അതേസമയം ട്രിബ്യൂണല് ഇതിനെ എങ്ങനെ കാണുമെന്നത് ശ്രദ്ധേയമാണ്. അതേസമയം, കേസില് കക്ഷിചേര്ന്ന സിദ്ദീഖ് സേഠിന്റെ മറ്റു ബന്ധുക്കള് ഭൂമി വഖഫാണെന്ന നിലപാടാണ് എടുത്തത്. ആധാരത്തില് രണ്ട് തവണ 'വഖഫ്' എന്ന് പരാമര്ശിച്ചിട്ടുണ്ടെന്നും ദൈവനാമത്തില് ആത്മശാന്തിക്കായി സമര്പ്പിക്കുന്നുവെന്നും പറഞ്ഞിട്ടുണ്ടെന്നും അതുകൊണ്ട് ഭൂമി വഖഫ് തന്നെയെന്നാണ് ഇന്ന് ട്രൈബ്യൂണലില് വഖഫ് ബോര്ഡ് വാദിച്ചത്.
എന്നാല് മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ആവര്ത്തിക്കുകയായിരുന്നു ഫറൂഖ് കോളേജ്. ക്രയവിക്രയ സ്വാതന്ത്ര്യവും തിരിച്ചെടുക്കാനുള്ള നിബന്ധനയും ഉള്ളതിനാല് ഭൂമിയെ വഖഫായി പരിഗണിക്കാനാവില്ലെന്ന് ഫറൂഖ് കോളജിന് വേണ്ടി അഭിഭാഷകന് വാദിച്ചു. ഫറൂഖ് കോളജ് ഇസ്ലാമികസ്ഥാപനമോ ജീവകാരുണ്യ സ്ഥാപനമോ അല്ലെന്നും അതിനാല് അവര്ക്ക് നല്കിയ ഭൂമിയെ വഖഫായി പരിഗണിക്കാനാവില്ലെന്നും മുനമ്പം നിവാസികളുടെ അഭിഭാഷകന് വാദിച്ചു. വാദം ഇന്നും തുടരും.
Content Highlights: Munambam Waqf case Siddique Seth s grandchildren says Land is not Waqf