തീവണ്ടി വന്നതറിയാതെ റെയില്‍പാളത്തില്‍ വയോധികന്‍; അതിസാഹസികമായി രക്ഷപ്പെടുത്തി രാഹുലെന്ന യുവാവ്

രക്ഷാപ്രവര്‍ത്തനത്തിനിടെ രാഹുലിന് പരിക്കേല്‍ക്കുകയും ഫോണ്‍ പൊട്ടിപ്പോവുകയും ചെയ്തിരുന്നു.

നേമം: കുതിച്ചുവരുന്ന തീവണ്ടിയുടെ മുന്നില്‍ നിന്ന് വയോധികനെ സാഹസികമായി രക്ഷപ്പെടുത്തി യുവാവ്. നേമം പൊലീസ് ക്വാര്‍ട്ടേഴ്‌സ് റോഡില്‍ പ്രസാദ് നഗറിന് സമീപമാണ് സംഭവം നടന്നത്. നേമത്ത് എകെ കാറ്ററിങ് സര്‍വീസില്‍ ജോലി ചെയ്യുന്ന നെടുമങ്ങാട് സ്വദേശി രാഹുല്‍(27) ആണ് സ്വന്തം ജീവന്‍ പോലും പണയംവെച്ച് വയോധികനെ രക്ഷപ്പെടുത്തിയത്.

ഉച്ചക്ക് ഒന്നരയോടെ ഭക്ഷണവിതരണത്തിനായി ബൈക്കില്‍ പോകുമ്പോഴാണ് മാനസിക വെല്ലുവിളി നേരിടുന്ന വയോധികന്‍ റെയില്‍പ്പാളത്തില്‍ നില്‍ക്കുമ്പോഴാണ് രാഹുല്‍ കാണുന്നത്. റെയില്‍പ്പാത ഇരട്ടിപ്പുമായി ബന്ധപ്പെട്ട് മണ്ണിടിച്ച് മാറ്റിയിരിക്കുന്നതിനാല്‍ മുകളില്‍ നിന്ന് ഇതുകണ്ടവര്‍ മാറാന്‍ പലതവണ ആവശ്യപ്പെട്ടെങ്കിലും വയോധികന്‍ തയ്യാറാവാതെ ഇരിക്കുകയായിരുന്നു.

സ്‌റ്റേഷനില്‍ നിന്ന് തീവണ്ടി വരാനുള്ള സിഗ്നല്‍ തെളിയുകയും ചെയ്തു. റോഡുവഴി വയോധികന്റെ അടുത്ത് എത്തുമ്പോഴേക്കും തീവണ്ടി കടന്നുപോകും. രാഹുല്‍ ഉടന്‍തന്നെ ഇരുപതടിയോളം താഴ്ചയിലേക്ക് മണ്ണിലൂടെ നിരങ്ങിയിറങ്ങി വയോധികനെ ബലമായി പിടിച്ച് തോളിലെടുത്ത് പാളത്തിന് പുറത്തെത്തിച്ചു. സെക്കന്‍ഡുകള്‍ക്കകം തീവണ്ടി കടന്നുപോവുകയും ചെയ്തു.

രക്ഷാപ്രവര്‍ത്തനത്തിനിടെ രാഹുലിന് പരിക്കേല്‍ക്കുകയും ഫോണ്‍ പൊട്ടിപ്പോവുകയും ചെയ്തിരുന്നു. ജോലിയും തടസ്സപ്പെട്ടു. എന്നാലും ഒരു ജീവന്‍ രക്ഷിച്ചെടുക്കാനായി എന്ന സന്തോഷത്തിലാണ് രാഹുല്‍.

എവിടെ നിന്നുള്ളയാളാണ് വയോധികനെന്നതില്‍ കൂടുതല്‍ വിവരങ്ങളില്ല. വെള്ളിയാഴ്ച ഉച്ചക്കാണ് സംഭവം നടന്നത്. പൊതുപ്രവര്‍ത്തകനായ പള്ളിച്ചല്‍ ബിജു ഞായറാഴ്ച പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഈ വിവരം നാട്ടുകാരുള്‍പ്പെടെ അറിഞ്ഞത്.

To advertise here,contact us