ഫാമില്‍ നിന്ന് കിണറുകളിലേയ്ക്ക് മലിനജലം; ദേവ് സ്‌നാക്‌സിന്റെ ഉടമസ്ഥതയിലുള്ള ഫാം അടച്ചുപൂട്ടാന്‍ നിര്‍ദേശം

റിപ്പോർട്ടർ ടിവിയുടെ വാർത്തയ്ക്ക് പിന്നാലെയാണ് പഞ്ചായത്ത് നടപടി

കൊല്ലം:കൊല്ലത്ത് പ്രവർത്തിക്കുന്ന ദേവ് സ്നാക്സിന്റെ ഉടമസ്തഥയിലുള്ള ഫാം അടച്ചുപൂട്ടാൻ നിർദേശം. തൃക്കോവിൽവട്ടം പഞ്ചായത്താണ് നിർദേശം നൽകിയിരിക്കുന്നത്. ഫാമിൽ നിന്ന് മലിന ജലം പുറത്തേയ്ക്ക് ഒഴുക്കുന്നത് നാട്ടുകാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. റിപ്പോർട്ടർ ടിവിയുടെ വാർത്തയ്ക്ക് പിന്നാലെയാണ് പഞ്ചായത്ത് നടപടി.

കൊല്ലം താഹ മുക്കിൽ ദേവ് സ്നാക്സിന്റെ ഉടമസ്ഥതയിലുള്ള ഫാമിൽ നിന്ന് കിണറുകളിലേക്ക് മാലിന്യം ഒഴുക്കുന്നത് നാട്ടുകാരെ ദുരിതത്തിലാക്കിയിരുന്നു. പ്രദേശവാസികൾക്ക് കുടിക്കാൻ വെള്ളമോ ശ്വസിക്കാൻ ശുദ്ധമായ വായുവോ ഇല്ലാത്ത അവസ്ഥ ചൂണ്ടികാട്ടി റിപ്പോർട്ടർ ടി വി വാർത്ത നൽകിയിരുന്നു. ഇതേ തുടർന്ന് ഇന്ന് തൃക്കോവിൽ വട്ടം പഞ്ചായത്തിൽ പ്രത്യേക യോഗം ചേർന്നു. പഞ്ചായത്ത്‌ പ്രസിഡന്റ്‌, ദേവ് സ്നാക്സ് ഉടമ, പ്രദേശവാസികൾ, ജനപ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഫാമിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും അതിനാൽ വേഗത്തിൽ അടച്ചു പൂട്ടണമെന്നും തൃക്കോവിൽവട്ടം പഞ്ചായത്ത് ആവശ്യപ്പെട്ടു.

അനുവദിച്ചിരിക്കുന്ന 15 ദിവസത്തിനുള്ളിൽ പൂർണമായും ഫാം അടച്ച് പൂട്ടണമെന്നും ഇല്ലെങ്കിൽ സമരം നടത്തുമെന്നും നാട്ടുകാർ അറിയിച്ചു. താഹാ മുക്കിലെ ജനങ്ങളുടെ വിഷയത്തിൽ ഇടപെട്ട റിപ്പോർട്ടർ ടിവിക്കും നാട്ടുകാർ നന്ദി പറഞ്ഞു. 2024 ൽ ലൈസൻസ് കാലാവധി അവസാനിച്ച ഫാം ഇതുവരെ പ്രവർത്തിച്ചതിനും നടപടിയുണ്ടാകുമെന്നാണ് വിവരം.

Content Highlights- REPORTER IMPACT: Reporter news comes as a relief, farm owned by Dev Snacks ordered to be closed

To advertise here,contact us