'അവനെ ഞങ്ങള്‍ക്ക് വിട്ട് താ സാറേ'; ആറ് വയസുകാരനെ കൊലപ്പെടുത്തിയ ജോജോയ്‌ക്കെതിരെ ആക്രോശിച്ച് ജനക്കൂട്ടം

തെളിവെടുപ്പിനിടെ പ്രതി ജനങ്ങളെ നോക്കി പുഞ്ചിരിച്ചു. ഇത് ജനക്കൂട്ടത്തെ കൂടുതല്‍ പ്രകോപിതരാക്കി

തൃശൂര്‍: മാളയില്‍ ആറ് വയസുകാരനെ കൊലപ്പെടുത്തിയ കേസില്‍ തെളിവെടുപ്പിനിടെ പ്രതിക്കെതിരെ ആക്രോശിച്ച് പാഞ്ഞടുത്ത് ജനക്കൂട്ടം. കുട്ടിയെ കൊലപ്പെടുത്തിയ കുളത്തിലും പരിസര പ്രദേശങ്ങളിലുമായിരുന്നു തെളിവെടുപ്പ് നടന്നത്. പ്രതിയെ എത്തിക്കുമെന്നറിഞ്ഞ് വന്‍ ജനക്കൂട്ടം പ്രദേശത്ത് തടിച്ചുകൂടിയിരുന്നു. പ്രതിയുമായി പൊലീസ് എത്തിയപ്പോള്‍ തങ്ങള്‍ക്ക് വിട്ടുനല്‍കണമെന്നായിരുന്നു ജനങ്ങളുടെ ആവശ്യം.

ഇന്ന് ഉച്ചയോടെയാണ് പ്രതി ജോജോയുമായി പൊലീസ് കുഴൂരില്‍ തെളിവെടുപ്പിന് എത്തിയത്. വന്‍ പൊലീസ് സന്നാഹം പ്രതിക്കൊപ്പമുണ്ടായിരുന്നു. പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ചതോടെ ജനങ്ങള്‍ പാഞ്ഞടുത്തു. പ്രതിയെ തങ്ങള്‍ക്ക് വിട്ടു നല്‍കണമെന്ന് ജനങ്ങള്‍ ആവശ്യപ്പെട്ടു. പൊലീസ് സംരക്ഷണ കവചം ഒരുക്കിയാണ് ജനങ്ങള്‍ക്കിടയില്‍ നിന്ന് പ്രതിയുമായി നീങ്ങിയത്. ഇതിനിടെ പ്രതി ജനങ്ങളെ നോക്കി പുഞ്ചിരിച്ചു. ഇത് ജനക്കൂട്ടത്തെ കൂടുതല്‍ പ്രകോപിതരാക്കി. തെളിവെടുപ്പിനിടെ കുഞ്ഞിനെ എങ്ങനെ കൊലപ്പെടുത്തിയെന്ന് പ്രതി വിശദീകരിച്ചു.

ഇന്നലെയാണ് മാളയില്‍ ആറ് വയസുകാരനെ സമീപവാസി കൂടിയായ 20 കാരന്‍ ജോജോ അതിക്രൂരമായി കൊലപ്പെടുത്തിയത്. വീടിന്റെ മുന്നിലെ റോഡില്‍ കളിക്കുകയായിരുന്ന കുട്ടിയെ കുളത്തില്‍ ചൂണ്ടയിട്ട് മീന്‍ പിടിക്കാമെന്ന് പറഞ്ഞാണ് ജോജോ കൂട്ടിക്കൊണ്ടുപോയത്. ജാതി തോട്ടത്തിലൂടെ മുന്നൂറു മീറ്റര്‍ നടന്നാണ് കുട്ടിയുമായി ജോജോ കുളത്തിന് സമീപം എത്തിയത്. ഇവിടെ വെച്ച് ഇയാള്‍ കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. വഴങ്ങാതെ വന്നതോടെ കുട്ടിയെ ഇയാള്‍ ശ്വാസം മുട്ടിച്ചു. അവശനായപ്പോള്‍ കുളത്തില്‍ തള്ളിയിട്ടു. നീന്തി വീണ്ടും കരയ്ക്കു വന്നപ്പോള്‍ മൂന്ന് തവണ കുട്ടിയെ ചവിട്ടിത്താഴ്ത്തി. ഇതിന് ശേഷം ഇയാള്‍ സ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു. ഇതിന് ശേഷം കുട്ടിക്കായി നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലിലും ഇയാള്‍ പങ്കാളിയായി. പൊലീസിന് തോന്നിയ സംശയത്തെ തുടര്‍ന്ന് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് അരുകൊല പുറത്തറിയുന്നത്.

ചെറുപ്പകാലം തൊട്ട് അസ്വാഭാവിക പ്രകൃതമായിരുന്നു ജോജോയുടേതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ബൈക്ക് മോഷണക്കേസില്‍ അറസ്റ്റിലായി കാക്കനാട്ടെ കറക്ഷന്‍ ഹോമില്‍ ആറ് മാസം ഇയാള്‍ തടങ്കലില്‍ കഴിഞ്ഞിരുന്നു. ജാമ്യം കിട്ടി പുറത്തിറങ്ങിയ ശേഷം മദ്യപാനത്തിലേയ്ക്ക് തിരിഞ്ഞു. കൂലിപ്പണിക്ക് പോയായിരുന്നു ജോജോ ജീവിച്ചിരുന്നത്. ഇന്നലെ ഉച്ചയ്ക്ക് സുഹൃത്തില്‍ നിന്ന് ഇയാള്‍ ആയിരം രൂപ കടംവാങ്ങിയിരുന്നു.

Content Highlights- public outrage to accused who killed six yeras old boy in Maala

To advertise here,contact us