നിലമ്പൂരില്‍ എല്ലാ പ്രവര്‍ത്തകരും ഒരുമിച്ച് വേണം; വര്‍ഗ-ബഹുജന സംഘടന യോഗങ്ങളാരംഭിച്ച് സിപിഐഎം

തിരഞ്ഞെടുപ്പ് അവസാനിക്കുന്നത് വരെ പ്രവര്‍ത്തകരെ ആവേശത്തോടെ നിലനിര്‍ത്തുകയാണ് സംഗമങ്ങളുടെ ലക്ഷ്യം.

മലപ്പുറം: പി വി അന്‍വര്‍ പാര്‍ട്ടിയുമായുള്ള ബന്ധം ഉപേക്ഷിച്ച് പോയെങ്കിലും കഴിഞ്ഞ രണ്ട് തവണ ലഭിച്ച നിലമ്പൂര്‍ മണ്ഡലം കൈവിടാന്‍ സിപിഐഎം തയ്യാറല്ല. അത് കൊണ്ട് തന്നെ ഉപതിരഞ്ഞെയടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പേ തന്നെ പ്രവര്‍ത്തകരെയെല്ലാം ഒരുമിച്ച് നിര്‍ത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുകയാണ് പാര്‍ട്ടി. വര്‍ഗ-ബഹുജന സംഘടനകളിലൂടെ യോഗം വിളിച്ച് ചേര്‍ത്ത് മുഴുവന്‍ പ്രവര്‍ത്തകരെയും വിളിച്ചു ചേര്‍ത്ത് ഇനി വരുന്ന തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ഒരുക്കികൊണ്ടിരിക്കുകയാണിപ്പോള്‍.

കഴിഞ്ഞ ദിവസം കരുളായില്‍ 65 വയസിന് മുകളില്‍ പ്രായമുള്ള പഴയകാല സഖാക്കളുടെ സംഗമം നടത്തി. പാര്‍ട്ടിയുമായി അകന്ന് നില്‍ക്കുന്നവരെക്കൂടി പാര്‍ട്ടിയോടടുപ്പിക്കുക എന്നതും ഈ സംഗമത്തിന്റെ ലക്ഷ്യമായിരുന്നു. വാര്‍ധക്യസഹജമായ എല്ലാ പ്രയാസങ്ങളും മാറ്റിവെച്ച് 250ഓളം പേര്‍ യോഗത്തിനെത്തി. അതില്‍ എഴുപതോളം പേര്‍ വനിതകളായിരുന്നു. സംഗമത്തെ അഭിവാദ്യം ചെയ്യാന്‍ മുതിര്‍ന്ന സഖാക്കളായ പാലോളി മുഹമ്മദുകുട്ടിയും ടി കെ ഹംസയുമെത്തി.

സമാനരീതിയില്‍ വരും ദിവസങ്ങളില്‍ എല്ലാ വിഭാഗങ്ങളിലുമുള്ള വര്‍ഗ-ബഹുജന സംഘടനകളുടെ നേതൃത്വത്തില്‍ വിവിധ സംഗമങ്ങള്‍ നടത്തി തിരഞ്ഞെടുപ്പിന് ഒരുങ്ങാനാണ് സിപിഐഎം നീക്കം. തിരഞ്ഞെടുപ്പ് അവസാനിക്കുന്നത് വരെ പ്രവര്‍ത്തകരെ ആവേശത്തോടെ നിലനിര്‍ത്തുകയാണ് സംഗമങ്ങളുടെ ലക്ഷ്യം.

Content Highlights: CPIM begins organizational meetings at nilambur

To advertise here,contact us