തിരുവനന്തപുരം: വിതുര - ബോണക്കാട് വനത്തിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കന്യാകുമാരി കൽകുളം സ്വദേശി ക്രിസ്റ്റഫർ പേബസ് എന്ന 37 കാരനാൻ്റെ മൃതദേഹമാണ് വനത്തിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയ ബാഗിൽ നിന്ന് ആധാർ കാർഡും മൊബൈൽ ഫോണും ലഭിച്ചിരുന്നു. ഇതിന് പിന്നാലെ പൊലീസ് ബന്ധുക്കളെ ബന്ധപ്പെട്ടു. മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കൾ എത്തിയാണ് തിരിച്ചറിഞ്ഞത്.
കൽകുളത്തിൽ നിന്ന് കേരളത്തിലേക്ക് മൂന്ന് മാസം മുൻപാണ് ക്രിസ്റ്റഫർ പേബസ് യാത്ര തിരിച്ചത്. ബോണക്കാട് താമസിക്കുന്ന അമ്മയുടെ അനുജത്തിയുടെ വീട്ടിൽ ഇടയ്ക്ക് പോകുന്നത് കാരണം ഇവർ ക്രിസ്റ്റഫറിനെ അന്വേഷിച്ചിരുന്നില്ല. ക്രിസ്മസിന് ശേഷം ഇയാൾ വീട്ടിലെത്തിയിരുന്നില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. ക്രിസ്റ്റഫറിന് മരപ്പണിയായിരുന്നു.
കഴിഞ്ഞ ദിവസമാണ് ബോണക്കാട് വനത്തിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. വനംവകുപ്പ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെടുത്തത്. തലയും ഉടലും കാലും വേർപെട്ട നിലയിലായിരുന്നു മൃതദേഹം
മൃതദേഹത്തിന് ഒരു മാസത്തില് കൂടുതല് പഴക്കമുള്ളതായി പിന്നീട് കണ്ടെത്തി. മൃതശരീരത്തിന് സമീപത്ത് നിന്ന് ഒരു കുപ്പി ലഭിച്ചിട്ടുണ്ട്. ഇത് വിഷം അടങ്ങിയിരുന്ന കുപ്പിയാണോ എന്ന് അന്വേഷിക്കും. വന്യമൃഗങ്ങളുടെ ആക്രമണം നേരിട്ടിരുന്നോയെന്നും പരിശോധിക്കും.
Content Highlights- Dismembered body found in Bonakadu identified