വേങ്ങരയില്‍ യുവതിയെ ഫോണില്‍ വിളിച്ച് മുത്തലാഖ് ചൊല്ലിയ സംഭവം; ഭര്‍ത്താവിനെതിരെ കേസെടുത്തു

കൊണ്ടോട്ടി സ്വദേശി വീരാന്‍കുട്ടിക്കെതിരെയാണ് പൊലീസ് കേസെടുത്തത്

icon
dot image

മലപ്പുറം: വേങ്ങരയില്‍ യുവതിയെ ഫോണിലൂടെ മുത്തലാഖ് ചൊല്ലിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. കൊണ്ടോട്ടി സ്വദേശി വീരാന്‍കുട്ടിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. സ്ത്രീധന പീഡനം, ഗാര്‍ഹിക പീഡനം, മാനസികമായും ശാരീരികമായും ഉപദ്രവിക്കല്‍, നിയമവിരുദ്ധമായി വിവാഹബന്ധം വേര്‍പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. യുവതിയുടെ മൊഴി പ്രകാരം മലപ്പുറം വനിതാ സെല്ലാണ് കേസെടുത്തത്.

ഒന്നര വര്‍ഷം മുന്‍പ് വിവാഹിതയായ യുവതിയെയാണ് ഭര്‍ത്താവ് കൊണ്ടോട്ടി തറയട്ടാല്‍ സ്വദേശി വീരാന്‍കുട്ടി മുത്തലാഖ് ചൊല്ലിയത്. ഇവര്‍ക്ക് 11 മാസം പ്രായമുളള കുഞ്ഞുണ്ട്. യുവതിയുടെ കുടുംബം നല്‍കിയ 30 പവന്‍ സ്വര്‍ണാഭരണങ്ങള്‍ തിരികെ നല്‍കിയില്ലെന്നും പരാതിയുണ്ട്. വിവാഹം കഴിഞ്ഞ് 40 ദിവസം മാത്രമാണ് യുവതി ഭര്‍തൃഗൃഹത്തില്‍ കഴിഞ്ഞത്.

ആരോഗ്യപ്രശ്‌നമുണ്ടായപ്പോള്‍ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. തുടര്‍ന്ന് സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്നു. എന്നാല്‍ അതിനുശേഷം ഭര്‍ത്താവോ ഭര്‍ത്താവിന്റെ കുടുംബമോ താനുമായി ബന്ധപ്പെട്ടിട്ടില്ലെന്നാണ് യുവതി ആരോപിക്കുന്നത്. ഗര്‍ഭിണിയായിരുന്ന യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. അപ്പോഴും ഭര്‍ത്താവ് വിളിക്കുക പോലും ചെയ്തില്ല. മധ്യസ്ഥര്‍ മുഖേന ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഫോണിലൂടെ വീരാന്‍കുട്ടി മൊഴി ചൊല്ലിയത്. ഇയാള്‍ക്കെതിരെ യുവതി വനിതാ കമ്മീഷനിലും പരാതി നല്‍കിയിട്ടുണ്ട്.

Content Highlights: malappuram vanitha cell charge case agaist veerankutty vengara muthalaq case

To advertise here,contact us