കോഴിക്കോട്: ജമാഅത്തെ ഇസ്ലാമിയുടെ യുവജന - വിദ്യാര്ത്ഥി സംഘടനകളായ സോളിഡാരിറ്റിയുടെയും എസ്ഐഒയുടെയും നേതൃത്വത്തില് സംഘടിപ്പിച്ച വഖ്ഫ് ഭേദഗതി വിരുദ്ധ പ്രക്ഷോഭത്തില് തീവ്ര ഇസ്ലാമിസ്റ്റ് നേതാക്കളായ ബ്രദര്ഹുഡ് നേതാക്കളുടെ ചിത്രം ഉപയോഗിച്ചതിനെതിരെ എ പി വിഭാഗം സമസ്ത. സമസ്ത മുഖപത്രമായ സിറാജിലെ മുഖപ്രസംഗത്തിലൂടെ ജമാ അത്തെ ഇസ്ലാമിക്കെതിരെ കടുത്ത വിമര്ശനമാണ് നടത്തിയിരിക്കുന്നത്. ഇസ്ലാമിക് ബ്രദര്ഹുഡിന്റെ സ്ഥാപകന് ഹസനുല് ബന്ന, ആദ്യകാല നേതാക്കളിലൊരാളായ സയിദ് ഖുതുബ് എന്നിവരുടെ ചിത്രങ്ങളാണ് എയര്പോര്ട്ട് മാര്ച്ചിനിടെ സോളിഡാരിറ്റി - എസ്ഐഒ പ്രവര്ത്തകര് ഉയര്ത്തിപ്പിടിച്ചത്.
ഇന്ത്യയിലെ ജനാധിപത്യമനുഷ്യരെ ഒന്നിപ്പിച്ചുനിര്ത്തുന്ന ഒരു പ്രമേയത്തെ 'സംഘടനാ ദൃശ്യത' എന്ന സങ്കുചിത ലക്ഷ്യത്തിലേക്ക് പരിമിതപ്പെടുത്തുക വഴി വഖ്ഫ് കൊള്ളക്കെതിരായ പൊതുവികാരത്തെ അട്ടിമറിക്കുകയാണ് ജമാ അത്തെ ഇസ്ലാമി ചെയ്തിരിക്കുന്നതെന്ന് മുഖപ്രസംഗം ആരോപിക്കുന്നു. പൊളിറ്റിക്കല് ഇസ്ലാം സംഘടനയായ മുസ്ലിം ബ്രദര്ഹുഡിന്റെ നേതാക്കളായ ഹസനുല്ബന്നയുടെയും മുഹമ്മദ് ഖുത്വുബിന്റെയും ഫോട്ടോ ഉയര്ത്തിപ്പിടിച്ചാണ് ഇവര് മാര്ച്ച് നടത്തിയത്. ഈജിപ്ത്, സഊദി അറേബ്യ, യുഎഇ തുടങ്ങിയ മുസ്ലിം രാജ്യങ്ങള് കരിമ്പട്ടികയില്പ്പെടുത്തിയ സംഘടനയാണ് മുസ്ലിം ബ്രദര്ഹുഡ്. അല്ഖാഇദ പോലുള്ള തീവ്രവാദ സംഘടനകള്ക്ക് പ്രചോദനം ബ്രദര്ഹുഡാണെന്ന് വിലയിരുത്തപ്പെടുന്നുവെന്നും മുഖപ്രസംഗത്തില് പറയുന്നു.
വഖ്ഫ് നിയമ ഭേദഗതിക്കെതിരായ സമരത്തിന്റെ ലക്ഷ്യത്തെത്തന്നെ വഴിതിരിച്ചുവിടുന്ന വിവേകശൂന്യതയാണ് ജമാഅത്തിന്റെ യുവജന- വിദ്യാര്ഥി സംഘടനകളില് നിന്നുണ്ടായിരിക്കുന്നത്. അവധാനത തൊട്ടുതീണ്ടിയിട്ടില്ലാത്ത എടുത്തുചാട്ടം കൊണ്ട് സംഭവിച്ചതെന്താണ്? ''തീവ്രവാദികള് അഴിഞ്ഞാടുന്ന കേരളം' എന്ന് കെ സുരേന്ദ്രനെ പോലുള്ളവര്ക്ക് വിളിച്ചുപറയാനും കുളം കലക്കാനും അവസരം നല്കി. ഒരു കാരണവുമില്ലാതെ തന്നെ മുസ്ലിം സമുദായത്തെ ആക്ഷേപിക്കുന്നത് ശീലമാക്കിയവര്ക്ക് കുറേ നാളത്തേക്ക് ഉപയോഗിക്കാവുന്ന വടി കൈയില് വെച്ചുകൊടുത്തു സോളിഡാരിറ്റിയും എസ് ഐ ഒയുമെന്നും മുഖപ്രസംഗത്തിലുണ്ട്.