ഗുരുവായൂർ ക്ഷേത്രത്തിലെ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു; ജസ്‌ന സലീമിനെതിരെ കലാപശ്രമം ഉൾപ്പെടെ ചുമത്തി കേസ്

ക്ഷേത്രത്തിലെ കിഴക്കേനടയിലെ ദീപസ്തംഭത്തിനടുത്തുള്ള ഭണ്ഡാരത്തിന് മുകളിലുള്ള കൃഷ്ണ വിഗ്രഹത്തില്‍ മാല ചാര്‍ത്തി വീഡിയോ പ്രചരിപ്പിച്ചു എന്നായിരുന്നു പരാതി

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചുവെന്ന ദേവസ്വത്തിന്റെ പരാതിയില്‍ കോഴിക്കോട് സ്വദേശിനി ജസ്‌ന സലീമിനെതിരെ കേസെടുത്ത് പൊലീസ്. നേരത്തേ കൃഷ്ണ ഭക്ത എന്ന നിലയില്‍ വൈറലായ ജസ്‌നയ്‌ക്കെതിരെ ടെമ്പിള്‍ പൊലീസാണ് കേസെടുത്തത്. ഇവര്‍ക്കെതിരെ കലാപശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ക്ഷേത്രത്തിലെ കിഴക്കേനടയിലെ ദീപസ്തംഭത്തിനടുത്തുള്ള ഭണ്ഡാരത്തിന് മുകളിലുള്ള കൃഷ്ണ വിഗ്രഹത്തില്‍ മാല ചാര്‍ത്തി വീഡിയോ എടുത്ത് പ്രചരിപ്പിച്ചെന്നായിരുന്നു ജസ്‌നയ്‌ക്കെതിരെ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ പരാതി. കഴിഞ്ഞ മാസമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ജസ്‌ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതായി പൊലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തി. ഇതിന് പിന്നാലെയാണ് കേസെടുത്തത്.

നേരത്തേ ജസ്‌ന ക്ഷേത്ര പരിസരത്തുവെച്ച് കേക്ക് മുറിച്ചതും ക്ഷേത്രത്തിലെത്തിയ മറ്റ് ഭക്തരുമായി തര്‍ക്കത്തിലേര്‍പ്പെട്ടതും വിവാദമായിരുന്നു. ഈ സംഭവം ഹൈക്കോടതിയുടെ പരിഗണനയില്‍ എത്തിയതിനെ തുടര്‍ന്ന് ക്ഷേത്ര നടപ്പന്തലില്‍ വീഡിയോ ചിത്രീകരണത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു.

Content Highlights- Temple police take case against jasna salim over she spread video of guruvayoor temple

To advertise here,contact us