സംസ്ഥാനത്ത് പിണറായി ഭരണം തുടരാനുളള സാഹചര്യം; വെളളാപ്പളളി നടേശന്‍

സംസ്ഥാനത്തെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ നോക്കിയാല്‍ പിണറായി വിജയന്‍ തന്നെ ഭരണത്തുടര്‍ച്ച നേടാനുളള കാലാവസ്ഥയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍

ചേര്‍ത്തല: സംസ്ഥാനത്തെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ നോക്കിയാല്‍ പിണറായി വിജയന്‍ തന്നെ ഭരണത്തുടര്‍ച്ച നേടാനുളള കാലാവസ്ഥയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. യോഗത്തോടും പിന്നാക്ക സമുദായങ്ങളോടും എപ്പോഴും കരുണാമയമായ സമീപനമാണ് പിണറായി വിജയനെന്നും സര്‍ക്കാരുമായുളള ഇടപെടലുകളില്‍ പല കുറവുകളും ഉണ്ടാകാറുണ്ടെങ്കിലും അതൊന്നും പൊതുവേദിയില്‍ പറയാതെ മുഖ്യമന്ത്രിയുമായി സ്വകാര്യമായി സംസാരിച്ച് പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കുകയാണ് ചെയ്യാറുളളതെന്നും വെളളാപ്പളളി പറഞ്ഞു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് മൂന്ന് പതിറ്റാണ്ട് പൂര്‍ത്തിയാക്കുന്ന വെളളാപ്പളളിയെ ആദരിക്കുന്ന ചടങ്ങില്‍ മറുപടി പ്രസംഗം നടത്തവേയാണ് വെളളാപ്പളളിയുടെ പരാമര്‍ശം. ഉദ്ഘാടനം കഴിഞ്ഞ് മുഖ്യമന്ത്രി വേദിവിട്ടതിനു ശേഷമായിരുന്നു വെളളാപ്പളളിയുടെ എഴുതിത്തയ്യാറാക്കിയ പ്രസംഗം.

എസ്എന്‍ഡിപി യോഗം ചേര്‍ത്തല യൂണിയന്‍ സംഘടിപ്പിച്ച പരിപാടിയില്‍ വെളളാപ്പളളിയെ മുഖ്യമന്ത്രിയും പുകഴ്ത്തിയിരുന്നു. അനിതരസാധാരണമായ കര്‍മ്മശേഷിയും നേതൃപാടവവും കൊണ്ട് വെളളാപ്പളളി രണ്ട് ചരിത്രനിയോഗങ്ങളുടെ നെറുകയില്‍ എത്തിനില്‍ക്കുകയാണെന്നും ആത്മാഭിമാനത്തോടെ തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കാന്‍ വേണ്ട ധൈര്യവും ആര്‍ജവവും അംഗങ്ങള്‍ക്ക് പകര്‍ന്നുകൊടുത്ത നേതൃസ്ഥാനമാണ് വെളളാപ്പളളിയുടേതെന്നുമാണ് പിണറായി വിജയന്‍ പറഞ്ഞത്.

'കേരളത്തിന്റെ സാമൂഹിക മുന്നേറ്റത്തില്‍ പുരോഗമനപരവും നേതൃത്വപരവുമായ പങ്കുവഹിച്ചിട്ടുളള പ്രസ്ഥാനമാണ് എസ്എന്‍ഡിപി. അത് കേവലം സാമുദായിക നവീകരണത്തില്‍ മാത്രം ഒതുങ്ങിനിന്നില്ല. ശ്രീനാരായണഗുരു സമഗ്രമായ വികസനം ലക്ഷ്യമിട്ടുളള പ്രവര്‍ത്തനങ്ങള്‍ക്കായിരുന്നു നേതൃത്വം നല്‍കിയത്. എസ്എന്‍ഡിപി യോഗത്തിന്റെ അമരക്കാരനായി മൂന്നുദശാബ്ദം ഇരിക്കുക എന്നുപറയുമ്പോള്‍ കുമാരനാശാന്‍ പോലും 16 വര്‍ഷമേ ഇരുന്നിട്ടുളളു എന്ന് നാം ഓര്‍ക്കേണ്ടതാണ്. ഗുരുസന്ദേശത്തെ പ്രായോഗിക പ്രവര്‍ത്തനങ്ങളുമായി സമന്വയിപ്പിച്ചുകൊണ്ട് മൂന്ന് പതിറ്റാണ്ടുകാലം സംഘടനയ്ക്ക് നേതൃത്വം കൊടുക്കാന്‍ വെളളാപ്പളളിക്ക് കഴിഞ്ഞു'- എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

Content Highlights: vellappally natesan praise cm pinarayi vijayan

To advertise here,contact us