'അജിത് കുമാര്‍ മുഖ്യമന്ത്രിയുടെ പോറ്റുമകന്‍'; പി വി അന്‍വര്‍

മുഖ്യമന്ത്രിക്ക് മൂന്ന് മക്കളാണുളളത്, എംആര്‍ അജിത് കുമാര്‍ അദ്ദേഹത്തിന്റെ പോറ്റുമകനാണ്. മുഖ്യമന്ത്രിയുടെ മറ്റ് രണ്ട് മക്കളില്‍ ഒരാള്‍ അദ്ദേഹത്തിന്റെ മരുമകനാണ്.

മലപ്പുറം: എഡിജിപി എംആര്‍ അജിത് കുമാര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പോറ്റുമകനാണെന്ന് നിലമ്പൂര്‍ മുന്‍ എംഎല്‍എയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ പിവി അന്‍വര്‍. അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന ഡിജിപി ദര്‍വേഷ് സാഹിബിന്റെ ശുപാര്‍ശ മുഖ്യമന്ത്രി അംഗീകരിക്കുമെന്ന് വിശ്വസിക്കുന്നവര്‍ വിഡ്ഢികളാണെന്നും അജിത് കുമാറിനെതിരെ കേസെടുക്കാന്‍ ശുപാര്‍ശ ചെയ്തതിന് ഡിജിപിക്കെതിരെ കേസെടുക്കുന്ന സാഹചര്യമാണ് ഉണ്ടാവുകയെന്നും പിവി അന്‍വര്‍ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'മുഖ്യമന്ത്രിക്ക് 3 മക്കളാണുളളത്. എംആര്‍ അജിത് കുമാര്‍ അദ്ദേഹത്തിന്റെ പോറ്റുമകനാണ്. മുഖ്യമന്ത്രിയുടെ മറ്റ് രണ്ട് മക്കളില്‍ ഒരാള്‍ അദ്ദേഹത്തിന്റെ മരുമകനാണ്. മൂന്നാമത്തെയാള്‍ കെഎം എബ്രഹാമാണ്'- പിവി അന്‍വര്‍ പറഞ്ഞു.

'ഇന്റലിജന്‍സ് മേധാവിയായ എഡിജിപി പി വിജയന്‍ സത്യസന്ധനായ ഉദ്യോഗസ്ഥനാണ്. ഇക്കാര്യം കേരളത്തിലെ എല്ലാവര്‍ക്കുമറിയാം. അദ്ദേഹത്തെ പൊതുസമൂഹത്തിനുമുന്നില്‍ കളളക്കടത്തുകാരനായി ചിത്രീകരിച്ചത് എംആര്‍ അജിത്കുമാറാണ്. ഇക്കാര്യത്തില്‍ അജിത് കുമാറിനെതിരെ ഒരു നടപടിയും സ്വീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകില്ല. അജിത് കുമാര്‍ പക്കാ ക്രിമിനലാണെന്ന് ഞാന്‍ ആവര്‍ത്തിച്ച് പറഞ്ഞതാണ്. മുഖ്യമന്ത്രിയുടെ മകളുമായി ബന്ധപ്പെട്ട എല്ലാ കളളത്തരങ്ങളുടെയും പ്രധാനകണ്ണി അയാളാണ്. അതിനാല്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കുന്ന കാലത്തോളം അജിത് കുമാറിനെതിരെ നടപടിയുണ്ടാകില്ല'-പിവി അന്‍വര്‍ പറഞ്ഞു.

പി വിജയനെതിരെ വ്യാജ മൊഴി നല്‍കിയ സംഭവത്തില്‍ അജിത് കുമാറിനെതിരെ സിവില്‍-ക്രിമിനല്‍ കേസെടുക്കാമെന്നാണ് ഡിജിപി ശുപാര്‍ശ ചെയ്തത്. കരിപ്പൂര്‍ കേന്ദ്രീകരിച്ചുളള സ്വര്‍ണ്ണക്കടത്തുകേസില്‍ പി വിജയന് പങ്കുണ്ടെന്ന് മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസ് തന്നോട് പറഞ്ഞുവെന്നാണ് അജിത് കുമാര്‍ മൊഴി നല്‍കിയത്. എന്നാല്‍ താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും അത് പൂര്‍ണ്ണമായും വ്യാജമായ മൊഴിയാണെന്നും വ്യക്തമാക്കി സുജിത് ദാസ് രംഗത്തെത്തി. തനിക്കെതിരെ അപകീര്‍ത്തികരമായ വ്യാജ മൊഴി നല്‍കിയതിന് അജിത്കുമാറിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പി വിജയന്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയിലാണ് ഡിജിപി ദര്‍വേഷ് സാഹിബ് അന്വേഷണം നടത്തി അജിത് കുമാറിനെതിരെ കേസെടുക്കാന്‍ ശുപാര്‍ശ ചെയ്തത്.

തൃശൂര്‍ പൂരം കലക്കല്‍, ആര്‍എസ്എസ് നേതാക്കളുമായുളള കൂടിക്കാഴ്ച്ച, അനധികൃത സ്വത്ത് സമ്പാദനം, എഡിജിപി പി വിജയനെതിരായ വ്യാജമൊഴി എന്നീ വിഷയങ്ങളിലാണ് അജിത് കുമാറിനെതിരെ ആരോപണം ഉയർന്ന് വന്നത്. ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ക്രമസമാധാന ചുമതലയില്‍ നിന്ന് നീക്കിയെങ്കിലും സസ്‌പെന്‍ഷനടക്കമുളള നടപടികളിലേക്ക് കടന്നിട്ടില്ല. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിജിലന്‍സ് ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തിരുന്നു. മെയ് 30-ന് നിലവിലെ സംസ്ഥാനപൊലീസ് മേധാവി ദര്‍വേഷ് സാഹിബ് വിരമിക്കുകയാണ്. അദ്ദേഹത്തിന്റെ ഒഴിവിലേക്ക് നിലവില്‍ 6 പേരുകളാണ് പരിഗണനയിലുളളത്. അതിനിടെയാണ് കേസെടുക്കാമെന്ന് ഡിജിപി തന്നെ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

Content Highlights: mr ajith kumar is pinarayi vijayan's adopted son says pv anwar

To advertise here,contact us