തിരുവനന്തപുരം: മുതലപ്പൊഴിയിലെ മത്സ്യത്തൊഴിലാളികളെ കൊല്ലത്തേയ്ക്ക് മാറ്റാന് നീക്കം. പൊഴി അടഞ്ഞതോടെ സര്ക്കാര് തലത്തില് തിരക്കിട്ട ചര്ച്ചകള് നടക്കുകയാണ്. തിരുവനന്തപുരം, കൊല്ലം ജില്ലാ കളക്ടര്മാര്ക്ക് ചര്ച്ച നടത്തി നടപടികള് സ്വീകരിക്കാന് മന്ത്രി നിര്ദേശം നല്കി.
കൊല്ലം ജോനകപ്പുറം, തങ്കശേരി ഹാര്ബറുകള് മുതലപ്പൊഴിയിലെ മത്സ്യത്തൊഴിലാളികള്ക്കായി അനുവദിക്കും. പ്രദേശത്തെ മത്സ്യത്തൊഴിലാളികളുമായി സംസാരിച്ചായിരിക്കും വിഷയത്തില് അന്തിമ തീരുമാനമെടുക്കുക. മുതലപ്പൊഴിയിലെ മണല്നീക്കം ഊര്ജ്ജിതമാക്കാനും നടപടിയുണ്ടാകും. കേരളാ മിനറല് ഡെവലപ്മെന്റ് കോര്പ്പറേഷനുമായി കരാറിലെത്തും. അതുവഴി കൂടുതല് മണല് നീക്കാനാകുമെന്നാണ് വിലയിരുത്തല്.
മുതലപ്പൊഴിയിലെ മണല്നീക്കം മന്ദഗതിയിലായതിനുപിന്നാലെ മത്സ്യത്തൊഴിലാളികള് തൊട്ടടുത്ത മത്സ്യബന്ധന മേഖലകളിലേക്ക് പലായനം ചെയ്തുതുടങ്ങിയിരുന്നു. മരിയനാട്, പുതുകുറിച്ചി, അഞ്ചുതെങ്ങ് തുടങ്ങിയ തീരങ്ങളിലേക്കാണ് മത്സ്യത്തൊഴിലാളികള് പലായനം ചെയ്യുന്നത്. പലായനം ചെയ്യുന്നവരില് മിക്കവരും ചെറുവളളങ്ങളില് ഉപജീവനം തേടുന്ന മത്സ്യത്തൊഴിലാളികളാണ്. മുതലപ്പൊഴിയില് മാത്രം നാനൂറോളം മത്സ്യത്തൊഴിലാളികളാണ് ചെറുവളളങ്ങളില് പുറംകടലില് പണിക്ക് പോകുന്നത്. നവകേരള സദസില് മുഖ്യമന്ത്രിയെ നേരില്കണ്ട് പരാതി നല്കിയിട്ടും മുതലപ്പൊഴിയിലെ പ്രശ്നത്തിന് പരിഹാരമായില്ലെന്നാണ് മത്സ്യത്തൊഴിലാളികള് ആരോപിക്കുന്നത്.
ജൂണ് കഴിയുമ്പോള് സീസണ് ആരംഭിക്കുകയാണ്. ഈ പശ്ചാത്തലത്തില് ഇഴഞ്ഞുനീങ്ങുന്ന ഡ്രജ്ജിങ് നടപടികളില് മത്സ്യത്തൊഴിലാളികള്ക്ക് ആശങ്കയുണ്ട്. കഴിഞ്ഞ മൂന്നുമാസമായി മുതലപ്പൊഴിയിലെ മത്സ്യത്തൊഴിലാളികള്ക്ക് കടലില് പണിക്ക് പോകാന് കഴിഞ്ഞിട്ടില്ല. അതിനാല് ഓരോ കുടുംബത്തിനും ആയിരം രൂപ വീതം ധനസഹായം നല്കണമെന്നും സര്ക്കാര് ഉടനടി നടപടിയെടുത്തില്ലെങ്കില് ശക്തമായ സമരവുമായി രംഗത്തെത്തുമെന്നുമാണ് മത്സ്യത്തൊഴിലാളികള് കഴിഞ്ഞ ദിവസം അറിയിച്ചത്.
Content Highlights: move to shift muthalappozhi fishermen to kollam