കൊച്ചി: മുനമ്പം വിഷയത്തിൽ ബിജെപി ജനങ്ങളെ പറഞ്ഞു പറ്റിക്കുകയായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. മുനമ്പത്തെ ജനങ്ങൾക്ക് ഭൂമി നൽകുക എന്നതല്ല ബിജെപിയുടെ ലക്ഷ്യമെന്നും മറിച്ച് മുസ്ലീം കൃസ്ത്യൻ സംഘർഷം സൃഷ്ടിക്കുകയാണ് ബിജെപിയുടെ അജണ്ടയെന്ന് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു. മുനമ്പത്തെ ജനങ്ങൾക്ക് ഇന്ന് അത് മനസ്സിലായെന്നും സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചു.
'വഖഫ് അമെൻഡ്മെൻറ് ആകട് മുനമ്പം വിഷയത്തിന് പരിഹാരമല്ലെന്ന് കിരൺ റിജിജു തന്നെ തുറന്ന് സമ്മതിച്ചതോടെ ഇത്രയും ദിവസം അവരെ ബിജെപി പറഞ്ഞു പറ്റിക്കുകയായിരുന്നു എന്ന് വ്യക്തമായി. കോൺഗ്രസ് ഇത് നേരത്തെ പറഞ്ഞപ്പോൾ വൈകാരികമായി എതിർത്ത പലർക്കും ഇപ്പോൾ പറ്റിയ തെറ്റ് ബോധ്യപ്പെട്ടിരിക്കും. നിയമനിർമ്മാണം കൊണ്ടുവന്ന് ശബരിമലയിൽ ആചാര സംരക്ഷണം ഉറപ്പുവരുത്തുമെന്ന് പറഞ്ഞ് ഹിന്ദുക്കളെ പണ്ടേ പറ്റിച്ചവരാണ് ബിജെപി കേന്ദ്ര നേതൃത്വം. എൻഎസ്എസ് കേസിന് പോയതുകൊണ്ടു മാത്രമാണ് ആചാരലംഘനം അന്ന് എന്നെന്നേക്കുമായി തടയപ്പെട്ടു' സന്ദീപ് കുറിപ്പിൽ പറയുന്നു.
മുനമ്പത്തെ ജനങ്ങൾ വഖഫ് ഭൂമി വിഷയത്തിൽ നിയമപോരാട്ടം തുടരേണ്ടി വരുമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പു മന്ത്രി കിരണ് റിജിജു ഇന്ന് മുനമ്പത്ത് നടന്ന 'നന്ദി മോദി ബഹുജനകൂട്ടായ്മ' പരിപാടിയിൽ സൂചിപിച്ചിരുന്നു. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ നിയമവഴിയിലൂടെ തന്നെ ഇതിന് പരിഹാരം കാണണമെന്നായിരുന്നു കിരണ് റിജിജു പറഞ്ഞത്.
ഒരു ഭരണഘടനാ പദവിയിൽ ഇരിക്കുന്നയാളാണ് താൻ. പ്രശ്നം നിലവിൽ കോടതി പരിഗണനയിലാണ്. അതിനാൽ കൃത്യമായ സമയപരിധി പറയുന്നില്ല എന്നും കേന്ദ്രമന്ത്രി പറഞ്ഞു. എന്നാൽ പ്രതിപക്ഷം നടത്തുന്ന രാഷ്ട്രീയ നാടകങ്ങളിൽ വീഴരുതെന്നും കിരൺറിജിജു പറഞ്ഞു.
അതേ സമയം മുനമ്പത്ത് എത്തുന്ന തനിക്ക് മുനമ്പത്തെ പ്രശ്നങ്ങളെ പറ്റി വ്യക്തമായ ധാരണയുണ്ട് എന്ന് കിരൺ റിജിജു പറഞ്ഞു.
മുനമ്പത്തെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകുമെന്ന് ഉറപ്പ് തരാനാണ് താൻ എത്തിയതെന്നും ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടാകാത്ത നിലയിൽ പരിഹാരം ഉണ്ടാകുമെന്നും കിരൺ റിജിജു മുനമ്പത്തെ ജനങ്ങൾക്ക് ഉറപ്പ് നൽകി. വഖഫ് നിയമം അനിയന്ത്രിതമായ അധികാരങ്ങളാണ് വഖഫ് ബോർഡിന് നൽകിയിരുന്നത്. നരേന്ദ്രമോദി ആ അധികാരങ്ങൾ എല്ലാം എടുത്തു കളഞ്ഞിരിക്കുന്നു.
കേന്ദ്രം മുസ്ലിങ്ങൾക്കോ ഇസ്ലാമിനോ എതിരല്ല. എന്നാൽ എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. മുനമ്പം ഭൂമിയിലെ റവന്യു അവകാശങ്ങൾ പുനസ്ഥാപിക്കുന്നതുവരെ തങ്ങൾക്ക് വിശ്രമമില്ലെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു മുനമ്പത്ത് പറഞ്ഞു.ബിജെപിക്ക് ഇത് രാഷ്ട്രീയ വിഷയമല്ലെന്നും അത് ജനങ്ങളുടെ നീതിയുടെ വിഷയമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
മുനമ്പത്തേതിന് സമാനമായ പ്രശ്നം രാജ്യത്ത് ഒരാൾക്കും ഇനി നേരിടേണ്ടി വരില്ല. വഖഫ് നിയമ ഭേദഗതിക്ക് ശേഷം മുസ്ലിം കുടുംബങ്ങൾ നരേന്ദ്ര മോദിക്ക് നന്ദി പറയുന്നു എന്നും കേന്ദ്രമന്ത്രി അവകാശവാദമുന്നയിച്ചു. വഖഫ് ബോർഡിൽ മുസ്ലിങ്ങൾ അല്ലാത്ത അംഗങ്ങളും ഉൾപ്പെടും. ഒരു ഭൂമിയും വഖഫ് ഭൂമിയാണെന്ന് പ്രഖ്യാപിക്കാൻ വഖഫ് ബോർഡിന് കഴിയില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. മുനമ്പത്തെ വേദന കേൾക്കാൻ നരേന്ദ്രമോദി മാത്രമേയുള്ളൂവെന്നും കിരൺ റിജിജു പറഞ്ഞു.
ഇതോടെ മുനമ്പം പ്രശ്നം പരിഹരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന സമരസമിതി നിരാശ അറിയിച്ച് രംഗത്തെത്തിയിരുന്നു. കേന്ദ്രമന്ത്രിയിൽ നിന്ന് ശുഭവാർത്ത പ്രതീക്ഷിച്ചാണ് വന്നതെന്നും എന്നാൽ അതുണ്ടായില്ലായെന്നും മുനമ്പം സമരസമിതി രക്ഷാധികാരി ഫാദർ ആൻ്റ്ണി സേവ്യർ അറിയിച്ചു.
Content Highlights- 'BJP's agenda is not to give land to the people of Munambam, but to create Muslim-Christian conflict'; Sandeep Warrier