തിരുവനന്തപുരം : തിരുവനന്തപുരം നഗരൂരിൽ പതിമൂന്നുകാരനോട് മുത്തച്ഛന്റെ കൊടുംക്രൂരത. മദ്യലഹരിയിലായിരുന്ന മുത്തച്ഛൻ ചെറുമകനെ മരത്തിൽ കെട്ടിയിട്ട് തടിക്കഷണം കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു. നഗരൂർ വെള്ളല്ലൂർ സ്വദേശി അലപ്പറ എന്ന ബാബുവാണ് മദ്യലഹരിയിൽ ചെറുമകനെ തല്ലിച്ചതച്ചത്.
അടിവയറ്റിനടക്കം ചവിട്ടേറ്റ് ഗുരുതര പരിക്കേറ്റ പതിമൂന്നുകാരൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഒളിവിലുള്ള മുത്തച്ഛന് വേണ്ടി നഗരൂർ പൊലീസ് തിരച്ചിലാരംഭിച്ചു.
ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടിൽ സുഹൃത്തിനൊപ്പം മദ്യപിക്കുകയായിരുന്ന ബാബു മകളുടെ മകനായ പതിമൂന്ന് വയസ്സുകാരനെ ബലമായി മരത്തിൽ കെട്ടിയിട്ട ശേഷം പൊതിരെ തല്ലുകയായിരുന്നു. തടിക്കഷ്ണവും കമ്പിയും ഉപയോഗിച്ചായിരുന്നു മർദ്ദനം.
മുത്തച്ഛൻ അടിവയറ്റിൽ ചവിട്ടിയതായും കുട്ടി മൊഴി നൽകിയിട്ടുണ്ട്. പരിക്കേറ്റ കുട്ടിയെ വാർഡ് മെമ്പറും, പഞ്ചായത്ത് സിഡബ്ലൂഎഫും ചേർന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ചത്. കുട്ടിയുടെ പിതാവ് മരണപ്പെട്ട ശേഷം അമ്മ മറ്റൊരു വിവാഹം കഴിച്ചതിനാൽ മുത്തച്ഛനോടൊപ്പം ആണ് കുട്ടികൾ കഴിയുന്നത്.
മർദ്ദനമേറ്റ കുട്ടിക്കും സഹോദരനും ഇയാൾ ഭക്ഷണം നൽകാറില്ലെന്ന് അയൽവാസികൾ ആരോപിക്കുന്നു. ഇയാൾ മുമ്പും കുട്ടികളെ മർദ്ദിക്കാറുണ്ടെന്നാണ് വിവരം. വെള്ളല്ലൂരിൽ ബാർബർ ഷോപ്പ് നടത്തിയിരുന്ന പ്രതി നിലവിൽ ഒളിവിലാണ്. സംഭവത്തിൽ നഗരൂർ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
content highlights : Grandfather tied his grandson to a tree and beat him with a stick; the boy suffered serious injuries to his lower abdomen