തിരുവനന്തപുരം: തനിക്കെതിരെയുള്ള സിബിഐ അന്വേഷണ ഉത്തരവില് ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കിഫ്ബി സിഇഒ കെഎം എബ്രഹാം. ഇക്കാര്യം ആവശ്യപ്പെട്ട് കെഎം എബ്രഹാം മുഖ്യമന്ത്രിക്ക് കത്ത് നല്കി.
ഗൂഢാലോചന ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിപ്പിക്കണം. പരാതിക്കാരന് ജോമോന് പുത്തന്പുരക്കല് ഗൂഢാലോചന നടത്തി. ജോമോനോടൊപ്പം രണ്ടുപേര്ക്ക് കൂടി ഗൂഢാലോചനയില് പങ്കുണ്ടെന്നും എബ്രഹാം പറഞ്ഞു.
താന് ധനവകുപ്പ് സെക്രട്ടറി ആയിരിക്കെ അഴിമതി കണ്ടെത്തിയ പൊതുമേഖല സ്ഥാപനത്തിന്റെ തലപ്പത്ത് ഉണ്ടായിരുന്നവരാണ് മറ്റ് രണ്ട് പേര്. 2015മുതല് ഗൂഢാലോചന നടത്തി. മൂന്ന് പേരും സംസാരിച്ചതിന്റെ കോള് റെക്കോര്ഡ് രേഖ തന്റെ പക്കല് ഉണ്ടെന്നും എബ്രഹാം പറഞ്ഞു.
തനിക്ക് എതിരായ നീക്കങ്ങള് മുഖ്യമന്ത്രിയുടെ ഓഫിസിനെ അപകീര്ത്തിപ്പെടുത്താനാണ്. ചീഫ് പ്രിന്സിപ്പല് സെക്രട്ടറി സ്ഥാനത്ത് തുടരണോ എന്ന് മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്നും എബ്രഹാം പറഞ്ഞു.
അതേ സമയം സിബിഐ അന്വേഷണ ഉത്തരവിനെതിരെ അപ്പീല് നല്കാനാണ് കെഎം എബ്രഹാം ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി എബ്രഹാം അഭിഭാഷകരുമായി ചര്ച്ച നടത്തി.
മനുഷ്യാവകാശപ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ ഹർജിയിലാണ് കെ എം എബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്. പരാതിക്കാരന്റെ മൊഴി, വിജിലൻസ് നടത്തിയ പ്രാഥമികാന്വേഷണ റിപ്പോർട്ട്, മറ്റ് സുപ്രധാന രേഖകൾ എന്നിവയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യാനാണ് ജസ്റ്റിസ് കെ ബാബു സിബിഐയ്ക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. സിബിഐ കൊച്ചി യൂണിറ്റ് സൂപ്രണ്ടിനാണ് കോടതി അന്വേഷണത്തിനുള്ള നിർദ്ദേശം നൽകിയിരിക്കുന്നത്. ബന്ധപ്പെട്ട മുഴുവൻ രേഖകളും എത്രയും വേഗം സിബിഐക്ക് വിജിലൻസ് കൈമാറണമെന്നും ഉത്തരവിലുണ്ട്.
കെ എം എബ്രഹാം വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച വിഷയത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് 2018ൽ മനുഷ്യാവകാശപ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതി വിധി. സംസ്ഥാന വിജിലൻസ് പ്രാഥമികാന്വേഷണം നടത്തിയതിനാൽ ഇനി അതിന്റെ ആവശ്യമില്ലെന്നും കെ എം എബ്രഹാമിനെ സംരക്ഷിക്കുന്ന തരത്തിലായിരുന്നു വിജിലൻസ് അന്വേഷണമെന്നു സംശയിക്കാമെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. തുടരന്വേഷണ ആവശ്യം തള്ളിയ തിരുവനന്തപുരം വിജിലൻസ് കോടതിയുടെ മുൻ ഉത്തരവും ഹൈക്കോടതി റദ്ദാക്കി. നേരത്തെ വിജിലൻസിന്റെ ദ്രുതപരിശോധാ റിപ്പോർട്ട് അതേപടി വിജിലൻസ് കോടതി അംഗീകരിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ നിലവിലുള്ള എല്ലാ നടപടികളും അവസാനിച്ചതായും ഹൈക്കോടതി അറിയിച്ചു.
Content Highlights: KIIFB CEO KM Abraham demands a conspiracy investigation into the CBI investigation order against him