ആദ്യം കൈത്തണ്ട മുറിച്ചു; കരഞ്ഞ കുട്ടികൾക്ക് വിഷം നൽകി; പരാജയപ്പെട്ടതോടെ അമ്മയും മക്കളും ആറ്റിൽ ചാടി മരിച്ചു

ആത്മഹത്യ ചെയ്ത മുൻ മുത്തോലി പഞ്ചായത്ത് പ്രസിഡന്റും അഭിഭാഷകയുമായ ജിസ്മോൾ ഇതിന് മുൻപും ഭർതൃ വീട്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട്.

കോട്ടയം : കോട്ടയം പേരൂരിൽ അമ്മയും മക്കളും ആറ്റിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആത്മഹത്യ ചെയ്ത മുൻ മുത്തോലി പഞ്ചായത്ത് പ്രസിഡന്റും അഭിഭാഷകയുമായ ജിസ്മോൾ ഇതിന് മുൻപും ഭർതൃ വീട്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട്.

ഇന്ന് രാവിലെയും കുഞ്ഞുങ്ങളുമായി വീട്ടിൽ വെച്ച് ആത്മഹത്യാശ്രമം നടന്നിരുന്നു. രാവിലെ മുതൽ വീട്ടിൽ നിന്നും കുട്ടികളുടെ കരച്ചിൽ കേട്ടിരുന്നുവെന്ന് അയൽവാസികൾ റിപ്പോർട്ടറിനോട് പറഞ്ഞു. വീട്ടിലെ കിടപ്പുമുറിയിൽ ഫാനിൽ തൂങ്ങി മരിക്കാനുള്ള ശ്രമം ഉണ്ടായിട്ടുണ്ടെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

മുറിയിൽ രക്തത്തിന്റെ കറയും കണ്ടെത്തിയിട്ടുണ്ട്. മുറിയിൽ നിന്നും ഒഴിഞ്ഞ വിഷക്കുപ്പിയും പൊലീസ് കണ്ടെത്തി. ഇന്ന് രാവിലെ ജിസ്മോൾ കൈത്തണ്ട മുറിച്ചിരുന്നു. അതിന് ശേഷമാണ് ആറ്റിൽ ചാടിയത്. രാവിലെ വീട്ടിൽ വെച്ച് തന്നെ കുഞ്ഞുങ്ങൾക്ക് വിഷവും നൽകിയിരുന്നു. എന്നാൽ തുടർച്ചയായുള്ള ആത്മഹത്യാ ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് ജിസ്മോൾ കുഞ്ഞുങ്ങളുമായി ആറ്റിൽ ചാടാൻ തീരുമാനിച്ചത്. വീട്ടുജോലിക്കാരിയെ ഇന്നലെ നേരത്തെ തന്നെ ജിസ്മോൾ പറഞ്ഞുവിട്ടിരുന്നു.

കോട്ടയം പേരൂർ കണ്ണമ്പുര കടവിൽ ഇന്ന് ഉച്ചയോടുകൂടിയാണ് സംഭവം നടന്നത്. പാലാ മുത്തോലി സ്വദേശിനി ജിസ്മോളും മക്കളായ അഞ്ചുവയസ്സുകാരി നോഹ, രണ്ടുവയസുകാരി നോറ എന്നിവരാണ് മരിച്ചത്. മൂവരും സ്കൂട്ടിയിൽ കടവിലേക്ക് എത്തി ഇവിടെ കുറച്ചു സമയം ചിലവഴിച്ചിരുന്നു. അതിന് ശേഷമാണ് പുഴയിലേക്ക് ചാടിയത്.

പുഴയിലേക്ക് ചാടിയ ഉടനെ നാട്ടുകാരെത്തി ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാൽ ആശുപത്രിയിലെത്തി അല്പസമയം കഴിഞ്ഞപ്പോഴേക്കും മൂന്നുപേരുടെയും ജീവൻ നഷ്ടമായി. അഡ്വ. ജിസ്മോൾ ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകയാണ്. മരണകാരണം വ്യക്തമല്ല.

Content highlights : mother and daughters death in kottayam, more details are out

To advertise here,contact us