കണ്ണൂര്: ദിവ്യ എസ് അയ്യര് ഐഎഎസിന് പിന്തുണയുമായി സിപിഐഎം നേതാവ് ഇ പി ജയരാജന്. നല്ല നിലയില് പ്രവര്ത്തിക്കുന്ന ഐഎഎസ് ഓഫീസറാണ് ദിവ്യ എസ് അയ്യര് എന്നാണ് താന് മനസിലാക്കുന്നതെന്ന് ഇ പി ജയരാജന് പറഞ്ഞു. ഭരണ രംഗത്ത് ഒരുമിച്ച് പ്രവര്ത്തിച്ച രണ്ടുപേരില് ഒരാള് പുതിയ ചുമതലയിലേക്ക് വരുമ്പോഴുള്ള സ്വാഭാവിക പ്രതികരണമാണ് ദിവ്യ എസ് അയ്യരുടേതെന്നും ഇ പി ജയരാജന് കൂട്ടിച്ചേര്ത്തു.
'വ്യക്തിപരമായി ബഹുമാന ആദരവ് അനുസരിച്ച് പ്രതികരണം ഉണ്ടാവുക സ്വാഭാവികമാണ്. അത്തരം കാര്യങ്ങള് അനാവശ്യമായി വിവാദമാക്കുന്നത് തെറ്റാണ്. രാഷ്ട്രീയപ്രവര്ത്തകരും ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധത്തെ ദുര്ബലപ്പെടുത്താന് മാത്രമേ ഇത്തരം വിമര്ശനങ്ങള്ക്ക് സാധിക്കൂ. ഈ വിമര്ശനങ്ങള് നടത്തുന്നവരില് കെ കെ രാഗേഷുമായി ബന്ധപ്പെട്ടവര്ക്കും ഇതേ അഭിപ്രായങ്ങളും ആദരവും രാഗേഷിനോട് ഉണ്ടാവുക സ്വാഭാവികമാണ്. അതുകൊണ്ട് വിവാദങ്ങള് ഉണ്ടാക്കുകയല്ല. ഗുണപരമായ കാര്യങ്ങളെ കുറിച്ച് ചിന്തിക്കുകയാണ് വേണ്ടത്', ഇ പി ജയരാജന് പറഞ്ഞു.
കെ കെ രാഗേഷ് കണ്ണൂര് ജില്ലാ സെക്രട്ടറിയായി നിയമിക്കപ്പെട്ടതിന് പിന്നാലെ കെ കെ രാഗേഷിന്റെ ഔദ്യോഗിക ജീവിതത്തെ കുറിച്ച് ദിവ്യ ഇന്സ്റ്റാഗ്രാമില് പോസ്റ്റിട്ടിരുന്നു. കര്ണ്ണന് പോലും അസൂയ തോന്നും വിധമാണ് മുഖ്യമന്ത്രിക്ക് കെ കെ രാഗേഷ് കവചം തീര്ത്തിരുന്നത് എന്നായിരുന്നു ദിവ്യയുടെ ഇന്സ്റ്റഗ്രാം പോസ്റ്റ്. കെ കെ രാഗേഷിന്റെ ഔദ്യോഗിക ജീവിതത്തില് നിന്നും നിരവധി കാര്യങ്ങള് താന് ഒപ്പിയെടുത്തിട്ടുണ്ടെന്നും വിശ്വസ്തതയുടെ പാഠപുസ്തകമാണ് കെ കെ രാഗേഷെന്നും ദിവ്യ കുറിച്ചിരുന്നു.
പിന്നാലെ കോണ്ഗ്രസ്, യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകരില് നിന്നും വലിയ വിമര്ശനവും പ്രതിഷേധവും ഉയര്ന്നിരുന്നു. ദിവ്യ എസ് അയ്യരുടെ നടപടിയില് വീഴ്ചയുണ്ടെന്ന് മുന് എംഎല്എയും ഭര്ത്താവുമായ ശബരീനാഥും പറഞ്ഞു. 'രാഷ്ട്രീയ നിയമനം ലഭിച്ച വ്യക്തിയെ ദിവ്യ അഭിനന്ദിച്ചത് സദ്ദുദേശപരമെങ്കിലും അതിലൊരു വീഴ്ചയുണ്ട്. സര്ക്കാരിനെയും നയങ്ങളെയും അഭിനന്ദിക്കാം. പക്ഷേ രാഷ്ട്രീയ നിയമനം ലഭിച്ച വ്യക്തിയെ അഭിനന്ദിച്ചത് അതുപോലെയല്ല' എന്നും ശബരീനാഥന് പറഞ്ഞു.
Content Highlights: E P Jayarajan supports Divya Iyer IAS