'ആവിഷ്‌കാര സ്വാതന്ത്ര്യം എന്തും ചെയ്യാനുള്ളതല്ല;അടുത്തകാലത്ത് ലഹരിയും അക്രമവാസന കൂട്ടുന്നതുമായ സിനിമകൾ ഇറങ്ങി'

സിനിമ സമൂഹത്തെ ഭിന്നിപ്പിക്കാനുള്ളതല്ലെന്നും മത വിദ്വേഷം പരത്തുന്നതായിരിക്കരുതെന്നും പ്രേംകുമാര്‍

തിരുവനന്തപുരം: ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന് പറഞ്ഞ് എന്തും ചെയ്യാനുള്ളതല്ലെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍. സിനിമ സമൂഹത്തെ ഭിന്നിപ്പിക്കാനുള്ളതല്ലെന്ന് പ്രേംകുമാര്‍ പറഞ്ഞു. മത വിദ്വേഷം പരത്തുന്നതായിരിക്കരുത് സിനിമയെന്നും പ്രേംകുമാര്‍ പറഞ്ഞു. അടുത്തകാലത്ത് ലഹരിയും അക്രമവാസന കൂട്ടുന്നതുമായ സിനിമകള്‍ ഇറങ്ങിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മലയാളം സിനിമയ്ക്ക് സിനിമാ നയം രൂപീകരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. 54മത് ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിലായിരുന്നു പ്രേകുമാറിന്റെ പ്രതികരണം. പുരസ്‌കാര ജേതാക്കള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ഷാജി എന്‍ കരുണിന് ജെസി ഡാനിയേല്‍ പുരസ്‌കാരം നല്‍കി ആദരിച്ചു.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാക്കള്‍ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ നേരുന്നുവെന്നും കലാകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു വിലങ്ങിടാന്‍ ശ്രമിക്കുന്ന സ്വേച്ഛാധിപത്യ പ്രവണതകള്‍ക്കെതിരെ കലാലോകം പ്രതിരോധം ഉയര്‍ത്തേണ്ട സന്ദര്‍ഭമാണിതെന്നും പുരസ്‌കാര ചടങ്ങിലെ ചിത്രം പങ്കുവെച്ച് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

'സിനിമ കേവലം കച്ചവടം മാത്രമല്ല. അത് കലാകാരന്റെ ആത്മപ്രകാശനവും ഒരു സമൂഹത്തിന്റെ സാംസ്‌കാരിക പ്രതിനിധാനവും രാഷ്ട്രീയ വിമര്‍ശനത്തിനുള്ള ഉപാധിയും കൂടിയാണ്. ആ സത്തയുള്‍ക്കൊണ്ട് ഇനിയും മികച്ച ചലച്ചിത്ര സൃഷ്ടികള്‍ മലയാള സിനിമയില്‍ നിന്നുണ്ടായി വരേണ്ടതുണ്ട്. അതിനുള്ള പ്രചോദനവും ഊര്‍ജ്ജവും പകരാന്‍ ഈ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ക്ക് സാധിക്കട്ടെ. മലയാള സിനിമ കൂടുതല്‍ ഉയരങ്ങള്‍ താണ്ടട്ടെ. ചലച്ചിത്ര പ്രതിഭകള്‍ക്ക് ആശംസകള്‍', അദ്ദേഹം പറഞ്ഞു.

പൃഥ്വിരാജ് സുകുമാരന്‍, ഉര്‍വശി, ബീന ആര്‍ ചന്ദ്രന്‍, ബ്ലെസി, വിജയരാഘവന്‍, റസൂല്‍ പൂക്കുട്ടി, വിദ്യാധരന്‍ മാസ്റ്റര്‍, ജിയോ ബേബി, ജോജു ജോര്‍ജ്, റോഷന്‍ മാത്യു, സംഗീത് പ്രതാപ് തുടങ്ങി 48 പേരാണ് പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായത്.

Content Highlights: Prem Kumar says Drug and crime increase in Cinema

To advertise here,contact us