ന്യൂഡല്ഹി: മലപ്പുറത്തെ സിഐടിയു നേതാവായിരുന്ന ഷംസു പുന്നയ്ക്കല് വധശ്രമക്കേസില് വിചാരണക്കോടതി വിധിച്ച തടവുശിക്ഷ പുനസ്ഥാപിച്ച് സുപ്രീം കോടതി. എന്ഡിഎഫ് പ്രവര്ത്തകരായിരുന്ന അബ്ദുല് സലിം, മുനീര്, ജാഫര് എന്നിവര് ആറ് വര്ഷം തടവുശിക്ഷ അനുഭവിക്കണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മറ്റൊരു പ്രതിയായ കല്ലന് ജുബൈറിന് അഞ്ച് വര്ഷം തടവുശിക്ഷയും വിധിച്ചു.
കുറ്റകൃത്യം സംഭവിച്ച് 24 വര്ഷത്തിന് ശേഷമാണ് ശിക്ഷാവിധി പുനസ്ഥാപിച്ചത്. ഹീനകൃത്യം ചെയ്തവര്ക്ക് ലഭിക്കേണ്ടത് ജീവപര്യന്തമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ജെ കെ മഹേശ്വരിയുടെ ബെഞ്ചാണ് വിധി പുനഃസ്ഥാപിച്ചത്. ഗുരുതരമായ കുറ്റകൃത്യമാണ് നടന്നതെന്നും കോടതി പറഞ്ഞു. പ്രതികളുടെ ശിക്ഷ ഒരുമാസമാക്കി കുറച്ചുനല്കിയ ഹൈക്കോടതിയെയും സുപ്രീം കോടതി വിമര്ശിച്ചു.
ഇത്രയും ഗുരുതരമായ കുറ്റകൃത്യം നടന്നിട്ടും വേണ്ട രീതിയില് ഹൈക്കോടതി പരിഗണിച്ചില്ലന്നും പ്രതികളുടെ ശിക്ഷകുറച്ച വിധിയില് ഗുരുതര അപാകമുണ്ടെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ഷംസുവിന് ഏറ്റ 56 വെട്ടുകളില് എട്ടെണ്ണം ജീവനെടുക്കാന് മാത്രം പോന്നതായിരുന്നുവെന്ന മെഡിക്കല് റിപ്പോര്ട്ടും സുപ്രീം കോടതി പരിഗണിച്ചു.
വെട്ടാന് മാത്രമാണ് പ്രതികള് ആക്രോശിച്ചതെന്നും കൊല്ലാന് ഉദ്ദേശിച്ചിരുന്നില്ലന്നും നിരീക്ഷിച്ചായിരുന്നു നേരത്തെ ഹൈക്കോടതി പ്രതികളുടെ ശിക്ഷവെട്ടിക്കുറച്ചത്. എന്നാല് ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്ക്കാര് അപ്പീല് നല്കുകയായിരുന്നു. സംസ്ഥാനത്തിന് വേണ്ടി മുതിര്ന്ന അഭിഭാഷകന് ആര് ബസന്തും നീഷേ രാജന് ഷൊങ്കറും ഹാജരായി. ഷംസുവിന്റെ ഭാര്യ മീരയ്ക്കായി മുതിര്ന്ന അഭിഭാഷകന് പി വി ദിനേശും ഹാജരായി.
2001 ജനുവരി 16ന് മഞ്ചേരി-പാണ്ടിക്കാട് റോഡിലെ മാര്ജിന്ഫ്രീ മാര്ക്കറ്റില് നില്ക്കവേ ഓട്ടോറിക്ഷയിലെത്തിയ സംഘമായിരുന്നു ഷംസുവിനെ വെട്ടിയത്. വലതുകാലും വലതു കൈയും വെട്ടേറ്റ് അറ്റുവീഴാറായ നിലയിലായ ഷംസു മാസങ്ങള് നീണ്ട ചികിത്സയിലായിരുന്നു. 2020 നവംബറില് ഹൃദയാഘാതത്തെ തുടര്ന്ന് ഷംസു പുന്നയ്ക്കല് അന്തരിച്ചു.
Content Highlights: Shamsu Punnakkal attempt to murder case: Supreme Court restores trial court verdict