ഇ ഡി റെയ്ഡ്; മുസ്‌ലിം ലീഗ് മഹാറാലിയില്‍ മുഖ്യാതിഥിക്ക് പങ്കെടുക്കാനായില്ല

ഇ ഡി റെയ്ഡിനെ തുടര്‍ന്ന് പരിപാടിയില്‍ പങ്കെടുക്കാനായില്ല

കോഴിക്കോട്: എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡിനെ തുടര്‍ന്ന് മുസ്‌ലിം ലീഗ് കോഴിക്കോട് സംഘടിപ്പിച്ച മഹാ റാലിയില്‍ മുഖ്യാതിഥിക്ക് പങ്കെടുക്കാനായില്ല. കോണ്‍ഗ്രസിന്റെ ലോക്‌സഭാ എംപിയും പഞ്ചാബ് പിസിസി അധ്യക്ഷനുമായ അമരീന്ദര്‍ സിങ് രാജാ വാറിങിനാണ് പരിപാടിക്ക് എത്താന്‍ സാധിക്കാതിരുന്നത്. വഖഫ് ഭേദഗതിയുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ് കോഴിക്കോട് സംഘടിപ്പിച്ച റാലിയില്‍ മുഖ്യാതിഥിയായി ഇദ്ദേഹത്തെയായിരുന്നു ക്ഷണിച്ചിരുന്നത്. എന്നാല്‍ ഇ ഡി റെയ്ഡിനെ തുടര്‍ന്ന് പരിപാടിയില്‍ പങ്കെടുക്കാനായില്ല.

ബെംഗളൂരു വഴി കരിപ്പൂരിലേക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്തിരുന്നെങ്കിലും ബുധനാഴ്ച രാവിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് നോട്ടീസ് ലഭിക്കുകയും വീട്ടിലും ഓഫീസിലും റെയ്ഡ് ആരംഭിക്കുകയും ചെയ്തതോടെ യാത്ര റദ്ദാക്കുകയായിരുന്നു. വിവരം എഐസിസിയെ അറിയിച്ചതിനെ തുടര്‍ന്ന് കര്‍ണാടക റവന്യൂ മന്ത്രി കൃഷ്ണ ഭൈര ഗൗഡ, തെലുങ്കാന വനിതാ ശിശുക്ഷേമ വികസനമന്ത്രി ദന്‍സാരി അനസൂയ്യ സീതാക്ക എന്നിവരെ മുഖ്യാതിഥികളായി അനുവദിക്കുകയുമായിരുന്നു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പിഎംഎ സലാം ആണ് ഇക്കാര്യം പ്രസംഗത്തില്‍ പരാമര്‍ശിച്ചത്. വഖഫ് ചെയ്താല്‍ ആ ഭൂമി ദൈവത്തിന്റേതാണെന്നും മുസ്‌ലിം ലീഗ് നേതാവ് പിഎംഎ സലാം പറഞ്ഞു.

വഖഫ് വിഷയത്തില്‍ രാജ്യത്ത് നടന്ന ഏറ്റവും വലിയ പ്രതിഷേധങ്ങളിലൊന്നാണ് ബുധനാഴ്ച സന്ധ്യയ്ക്ക് കോഴിക്കോട് കടപ്പുറത്ത് നടന്നത്. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. പി കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷനായി.

Content Highlights: ed raid chief guest could not attend the Muslim League Maharally

To advertise here,contact us