ലോട്ടറി ക്ഷേമനിധി ബോർഡിൽ ഒന്നര കോടിയുടെ തട്ടിപ്പ്; പുറത്തുവന്നത് ഓഡിറ്റിൽ പോലും തെളിയാതിരുന്ന തട്ടിപ്പ്

അവധിക്കായി വ്യാ​ജ രേഖകൾ സമർപ്പിച്ചതിന് നിലവിൽ ഇയാൾ സസ്പെൻഷനിലാണ്

തിരുവനന്തപുരം: സംസ്ഥാന ലോട്ടറി ക്ഷേമനിധി ബോ‍ർഡിൽ കോടികളുടെ തട്ടിപ്പ്. ലോട്ടറി തൊഴിലാളികൾ അടച്ച ഒന്നര കോടിയോളം വരുന്ന അംശാദായ തുക ബോ‍ർഡിലെ ക്ലർക്ക് തട്ടിയെടുകുകയായിരുന്നു. വിജിലൻസ് അന്വേഷണത്തിലാണ് ക്ലർക്കിൻ്റെ തട്ടിപ്പ് കഥ പുറത്ത് വന്നത്.

2018 മുതൽ 2021 വരെയുള്ള കാലഘട്ടത്തിലായിരുന്നു തട്ടിപ്പ്. ലോട്ടറി വിൽപനക്കാരിൽ നിന്നുള്ള അംശദായക തുക ഇയാൾ തൻ്റെ സ്വകാര്യ അക്കൗണ്ടിലേക്കും ബന്ധുകളുടെ അക്കൗണ്ടുകളിലേക്കുമായി മാറ്റുകയായിരുന്നു. സംസ്ഥാന ലോട്ടറി ക്ഷേമ നിധി ബോ‍ർഡിലെ മുൻ ക്ലർക്കായിരുന്ന സം​ഗീതിനെതിരെയാണ് പരാതി. ക്ഷേമനിധി ബോ‍ർഡിലെ ഓഡിറ്റിൽ പോലും തെളിയാതിരുന്ന തട്ടിപ്പ് വിജിലൻസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പുറത്ത് വരുന്നത്.

2018 ൽ മാത്രം ഇയാൾ 80 ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്കും ബന്ധുവിൻ്റെ അക്കൗണ്ടുകളിലേക്കുമായി മാറ്റിയതായി കണ്ടെത്തിയിട്ടുണ്ട്. വിജിലൻസിൻ്റെ രഹസ്യാന്വേഷണ വിഭാ​ഗം നൽകിയ റിപ്പോർട്ട് പ്രകാരം ബോർഡ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ഒന്നരകോടിയുടെ തട്ടിപ്പ് പുറത്ത് വരുന്നത്. ലോട്ടറി ക്ഷേമ നിധി ബോ‍ർഡിലെ സേവനത്തിന് ശേഷം സം​ഗീത് ലോട്ടറി ഡയറകട്റേറ്റിലെ മാറി. എന്നാൽ അപ്പോഴും ബോർഡിൻ്റെ ചെക്ക് ഉപയോ​ഗിച്ച് ഇയാൾ പണം പിൻവലിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി.

സംഭവത്തിന് പിന്നാലെ സെക്രട്ടറിയേറ്റിലെ ധനകാര്യ വിഭാ​ഗം ഇയാൾ നടത്തിയ മുഴുവൻ സാമ്പത്തിക ഇടപ്പാടുകളും പരിശോധിച്ച് വരികയാണ്. അവധിക്കായി വ്യാ​ജ രേഖകൾ സമർപ്പിച്ചതിന് നിലവിൽ ഇയാൾ സസ്പെൻഷനിലാണ്. തട്ടിപ്പ് വിവരം കൂടി പുറത്തായതോടെ ഇയാൾ ഒളിവിൽ പോയിരിക്കുകയാണ്.

Content Highlights- Fraud of Rs 1.5 crore in Lottery Welfare Fund Board; A story of fraud that was not even proven in the audit has come to light

To advertise here,contact us