കൊച്ചി: താരസംഘടന എഎംഎംഎയെ (അസോസിയേഷന് ഓഫ് മലയാളം മൂവി ആര്ടിസ്റ്റ്സ്) 'അമ്മ' എന്ന് വിളിച്ചാല് മാത്രം നടി വിന് സി അലോഷ്യസുമായി ബന്ധപ്പെട്ട വിഷയത്തില് പ്രതികരിക്കാമെന്ന് നടി അന്സിബ. വിന് സി അലോഷ്യസ് നല്കിയ പരാതി അന്വേഷിക്കാന് എഎംഎംഎ രൂപീകരിച്ച മൂന്നംഗ അഡ്ഹോക്ക് കമ്മിറ്റി അംഗമാണ് അന്സിബ. ആ നിലയില് റിപ്പോര്ട്ടര് ടി വി പ്രതികരണം തേടിയപ്പോഴാണ് എഎംഎംഎ സംഘടനയെ 'അമ്മ' എന്ന് വിളിച്ചാല് മാത്രം പ്രതികരിക്കാമെന്ന് അന്സിബ നിലപാട് എടുത്തത്.
'അമ്മ എന്ന് പറയാന് താല്പര്യമുണ്ടെങ്കില് ഞാന് സംസാരിക്കാം. എഎംഎംഎ എന്ന സംഘടനയെ പ്രതിനിധീകരിച്ചല്ല സംസാരിക്കുന്നത്', എന്നായിരുന്നു അന്സിബയുടെ പ്രതികരണം. എന്നാല് ഒരു സംഘടനയെ ഒദ്യോഗിക പേരില് തന്നെ അഭിസംബോധന ചെയ്യുന്നതാണ് നിലപാടെന്ന് എക്സിക്യൂട്ടീവ് എഡിറ്റര് സ്മൃതി പരുത്തിക്കാട് വ്യക്തമാക്കിയതോടെ, 'കോടതിയൊന്നുമല്ലല്ലോ' എന്നായിരുന്നു അന്സിബയുടെ പ്രതികരണം.
നീതി തേടി ഒരു നടി നിങ്ങളുടെ അടുത്തെത്തുമ്പോള് സംഘടനയെന്ന നിലയില് എടുക്കുന്ന നടപടിയെന്താണെന്ന ചോദ്യം അന്സിബയോട് ആവര്ത്തിച്ചപ്പോള് 'അന്സിബയെന്ന വ്യക്തിയോട് സംസാരിക്കാന് താല്പര്യപ്പെടുന്നുണ്ടെങ്കില് അങ്ങനെ സംസാരിക്കാം. അല്ലെങ്കില് സംസാരിക്കാന് താല്പര്യമില്ല', എന്നായിരുന്നു അൻസിബയുടെ പ്രതികരണം.
സരയു മോഹന്, വിനു മോഹന്, അന്സിബ എന്നിവര് ഉള്പ്പെട്ടുള്ള മൂന്നംഗ കമ്മിറ്റിയാണ് വിന് സിയുടെ പരാതി അന്വേഷിക്കാന് എഎംഎംഎ രൂപീകരിച്ചത്. അടിയന്തിരമായി റിപ്പോര്ട്ട് കൈമാറാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. റിപ്പോര്ട്ട് മോഹന്ലാലിന് കൈമാറും. റിപ്പോര്ട്ട് ലഭിച്ചാല് ആരോപണ വിധേയനായ ഷൈന് ടോം ചാക്കോയ്ക്കെതിരെ നടപടിയെടുത്തേക്കുമെന്നാണ് വിവരം.
Content Highlights: If AMMA is called 'amma', then it can be responded, Ansiba does not respond in vincy issue