കോട്ടയം : കോട്ടയം പേരൂരിൽ മക്കളുമായി ആറ്റിൽ ചാടി ജീവനൊടുക്കിയ മുത്തോലി മുൻ പഞ്ചായത്ത് പ്രസിഡന്റ് ജിസ്മോളുടെ മരണത്തിൽ ഭർതൃ വീട്ടുകാർക്കെതിരെ ഗുരുതര ആരോപണവുമായി ജിസ്മോളുടെ കുടുംബം. ഭർത്താവിന്റെ വീട്ടിൽ ജിസ്മോൾ അനുഭവിച്ചത് ക്രൂരമായ മാനസിക പീഡനമായിരുന്നുവെന്ന് സഹോദരൻ ജിത്തു തോമസ് പറഞ്ഞു.
കഴിഞ്ഞ കുറച്ചു നാളുകളായി ഭർത്താവ് ജിമ്മിയുടെ വീട്ടിൽ ജിസ്മോൾ അനുഭവിച്ചത് കടുത്ത മാനസിക പീഡനമാണെന്നാണ് അച്ഛനും സഹോദരങ്ങളും പറയുന്നത്. എന്നാൽ പെട്ടെന്നുള്ള ആത്മഹത്യയിലേക്ക് നയിച്ചത് എ എന്താണെന്ന് കുടുംബത്തിനും വ്യക്തമല്ല. മരിക്കുന്നതിന് മുൻപുള്ള ദിവസങ്ങളിൽ വീട്ടിൽ ചിലത് സംഭവിച്ചതായി കുടുംബം സംശയിക്കുന്നു. ഇത് എന്താണെന്ന് കണ്ടുപിടിക്കണം എന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.
ഭർതൃമാതാവും മൂത്ത സഹോദരിയും മകളെ മാനസികമായി നിരന്തരം ഉപദ്രവിച്ചിരുന്നതായി ജിസ്മോളുടെ പിതാവ് പറഞ്ഞു. പല പ്രശ്നങ്ങൾ ഉണ്ടായപ്പോഴും ജിസ്മോൾ തുറന്ന് പറഞ്ഞിരുന്നില്ല. മകളുടെ ശരീരത്തിൽ മർദിച്ചതിന്റെ പാടുകൾ കണ്ടിട്ടുണ്ട്. മരിക്കുന്നതിന് മുൻപ് ആ വീട്ടിൽ എന്തോ ഒരു കാര്യം സംഭവിച്ചിട്ടുണ്ടെന്നും പിതാവ് പറഞ്ഞു. മുൻപ് ഒരിക്കൽ ജിസ്മോളെ ഭർത്താവ് മർദിച്ചിരുന്നുന്നതായി സഹോദരൻ ജിത്തുവും പറഞ്ഞു. ജിസ്മോൾക്ക് ആവശ്യമുള്ള പണം ഭർതൃവീട്ടുകാർ നൽകിയിരുന്നില്ലെന്നും സഹോദരൻ കൂട്ടിച്ചേർത്തു. ഭർത്താവിന്റെ കുടുംബമാണ് ജിസ്മോളെയും മക്കളെയും മരണത്തിലേക്ക് തള്ളിവിട്ടതെന്നും മരണത്തിലെ ദുരൂഹത അന്വേഷിക്കണം എന്നുമാവശ്യപ്പെട്ട് പരാതി നൽകുമെന്നും കുടുംബം വ്യക്തമാക്കിയിട്ടുണ്ട്. വിദേശത്തായിരുന്ന ജിസ്മോളുടെ പിതാവ് തോമസും സഹോദരൻ ജിത്തുവും ഇന്നാണ് നാട്ടിലെത്തിയത്. അടുത്ത ദിവസം തന്നെ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഇവർ പരാതി നൽകും.
മീനച്ചിലാറ്റിൽ ചാടി ജീവനൊടുക്കുന്നതിന് മുൻപ് ആദ്യം വീട്ടിൽ വെച്ച് കൈത്തണ്ട മുറിച്ചും മക്കൾക്ക് വിഷം നൽകിയും ആത്മഹത്യ ചെയ്യാനുള്ള ശ്രമം ജിസ്മോൾ നടത്തിയിരുന്നു. ഈ സമയം ഭര്ത്താവ് ജോലിസ്ഥലത്തായിരുന്നു. മീനച്ചിലാറ്റിൽ ചൂണ്ടയിടാൻ എത്തിയ നാട്ടുകാരാണ് ജിസ്മോളെയും മക്കളെയും കാണുന്നത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
content highlights : Jismol's family says she was cruelly tortured in her husband's house