'ലഹരി വിപത്തിനിടയിലും സാമൂഹ്യ സേവനം ലഹരിയാക്കുന്ന യുവാക്കള്‍'; ഡിവൈഎഫ്‌ഐ മാതൃകയെന്ന് ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷൻ

'സഭ സൗജന്യമായി ഭക്ഷണം വിതരണം ചെയ്തിരുന്ന തൊടുപുഴയിലെ ആശുപത്രിയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ഡിവൈഎഫ്‌ഐയാണ് ഉച്ചഭക്ഷണം നല്‍കുന്നത്'

കോട്ടയം: ഡിവൈഎഫ്‌ഐയെ പ്രശംസിച്ച് ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ. ലഹരി വിപത്തിനിടയിലും സാമൂഹ്യ സേവനം ലഹരിയാക്കുന്ന യുവാക്കള്‍ മാതൃകയാണെന്ന് ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ പറഞ്ഞു. ഡിവൈഎഫ്‌ഐയുടെ പൊതിച്ചോറ് വിതരണം ഇത്തരത്തിലുള്ള മാതൃകയാണെന്ന് ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ പറഞ്ഞു. പെസഹദിന സന്ദേശത്തിലാണ് ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ഇക്കാര്യം പറഞ്ഞത്.

സഭ സൗജന്യമായി ഭക്ഷണം വിതരണം ചെയ്തിരുന്ന തൊടുപുഴയിലെ ആശുപത്രിയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ഡിവൈഎഫ്‌ഐയാണ് ഉച്ചഭക്ഷണം നല്‍കുന്നത്. ക്രിസ്തു കാട്ടിയ മാതൃകയും സ്‌നേഹത്തിന്റേതാണ്. നിരവധി യുവജന സംഘടനകള്‍ ഇത്തരം സേവനങ്ങള്‍ ചെയ്യുന്നുണ്ട്. ദുഃഖിച്ചിരിക്കുന്നവര്‍ക്ക് തണലാകാന്‍ നമുക്ക് കഴിയണം. സേവനമാകണം ലഹരിയെന്നും ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ പറഞ്ഞു.

സ്‌നേഹത്തിന്റെയും സേവനത്തിന്റെയും പാത അകലെയായിരിക്കുകയാണെന്നും കാതോലിക്കാ ബാവ പറഞ്ഞു. സ്വാര്‍ത്ഥതയാല്‍ ലോകം മുഴുവന്‍ അസ്വസ്ഥമായി. ഗാസയിലും യുക്രൈയിനിലും കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ കൊലചെയ്യപ്പെടുന്നു. സഹനത്തിന്റെയും വിനയത്തിന്റെയും മാര്‍ഗം നഷ്ടപ്പെടുന്നതിനാലാണ് ഇതെല്ലാം സംഭവിക്കുന്നതെന്നും കാതോലിക്ക ബാവ കൂട്ടിച്ചേര്‍ത്തു.

Content Highlights- orthodox church president about dyfi

To advertise here,contact us