കൊച്ചി: കൊച്ചിയില് ഉപേക്ഷിച്ചുപോയ സ്വന്തം കുഞ്ഞിനെ തിരികെ ഏറ്റെടുക്കാന് ആഗ്രഹം പ്രകടിപ്പിച്ച് ജാര്ഖണ്ഡ് സ്വദേശികൾ.
ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലുള്ള കുഞ്ഞിനെ അച്ഛനും അമ്മയും വീഡിയോ കോളിലൂടെ കണ്ടു. രക്ഷിതാക്കള് കുഞ്ഞിനെ തേടി വരുമെന്ന പ്രതീക്ഷയിലാണ് പൊലീസുകാര്. ഫെബ്രുവരിയില് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില് ഉപേക്ഷിച്ച കുഞ്ഞിനെ കഴിഞ്ഞ വ്യാഴാഴ്ചയാണ് ശിശുക്ഷേമ സമിതി ഏറ്റെടുത്തത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില് കുഞ്ഞിനെ ഉപേക്ഷിച്ച് പോയ ജാര്ഖണ്ഡ് സ്വദേശികളായ ദമ്പതികളെ കുറിച്ച് കഴിഞ്ഞ രണ്ട് മാസത്തോളമായി പൊലീസിന് ഒരു വിവരവും ലഭിച്ചിരുന്നില്ല.
അതിനിടെയാണ് കഴിഞ്ഞയാഴ്ച കൊച്ചിയില് ഓള് ഇന്ത്യ പൊലീസ് ബാഡ്മിൻ്റൺ ടൂര്ണമെന്റ് നടന്നത്. ഇതില് പങ്കെടുക്കാനെത്തിയ ജാര്ഖണ്ഡുകാരായ പൊലീസുകാരോട് ഈ വിവരം എറണാകുളം നോര്ത്ത് പൊലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥന് പറഞ്ഞു. അതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രക്ഷിതാക്കളെ ജാര്ഖണ്ഡിലെ പൊലീസ് കണ്ടെത്തിയത്. റാഞ്ചിക്കടുത്തുള്ള ലോഹാര്ഡഗ ഗ്രാമത്തില് കഴിയുകയായിരുന്നു അച്ഛന് മംഗലേശ്വരും അമ്മ രഞ്ജിതയും. കുഞ്ഞ് മരിച്ചെന്ന ധാരണയിലായിരുന്നു ഇരുവരും.വിവരം അറിയിച്ചതോടെ കുഞ്ഞിനെ ഏറ്റെടുക്കാന് ആഗ്രഹം പ്രകടിപ്പിച്ചു. ജീവിച്ചിരിപ്പുണ്ടെന്ന് ഉറപ്പാക്കാന് കുഞ്ഞിനെ വീഡിയോ കോളിലൂടെ കാണണമെന്നായി.ഒടുവില് ശിശുക്ഷേമ സമിതി അധ്യക്ഷന്റെ അനുവാദത്തോടെ പൊലീസ് കുഞ്ഞിനെ വീഡിയോ കോളിലൂടെ അച്ഛനമ്മമാര്ക്ക് കാണിച്ചുകൊടുത്തു. ആരോഗ്യ മന്ത്രി നിധി എന്ന് പേരിട്ട് കുഞ്ഞ് അങ്കമാലി കറുകുറ്റിയിലെ ശിശുഭവനിൽ കഴിയുകയാണ്.
ആശുപത്രി ചോദിച്ച രണ്ട് ലക്ഷം രൂപ നല്കാന് സാധിക്കാതെ വന്നതോടെയാണ് കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നതെന്ന് രക്ഷിതാക്കൾ പൊലീസിനെ അറിയിച്ചു. കുഞ്ഞിനെ ഏറ്റെടുക്കാന് അച്ഛനമമ്മാര് ഉടന് കേരളത്തിലെത്തുമെന്ന പ്രതീക്ഷിയിലാണ് അന്വേഷണസംഘം. എത്തിയില്ലെങ്കില് ജാര്ഖണ്ഡില് പോയി ഇരുവരെയും കസ്റ്റിഡിയെലുടുക്കും. നാട്ടിലെത്തി കുഞ്ഞിനെ ഏറ്റെടുക്കാന് തയ്യാറായാലും ദമ്പതികളുടെ ജീവിത സാഹചര്യം കൂടി പരിഗണിച്ചേ കുഞ്ഞിനെ കൈമാറൂ എന്ന് നേരത്തെ തന്നെ ശിശുക്ഷേമ സമിതി വ്യക്തമാക്കിയിട്ടുണ്ട്.
Content Highlight: 'Ready to adopt Nidhi'; Natives of Jharkhand say they will adopt the baby abandoned in Kochi