കൊച്ചി: വിൻസി അലോഷ്യസിൻ്റെ ആത്മധൈര്യത്തെ അഭിനന്ദിച്ച് WCCയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഫിലിം സെറ്റിൽ വെച്ച് തൻ്റെ സ്ത്രീത്വത്തിന് അനാദരവുണ്ടാക്കും വിധം നിയന്ത്രണമില്ലാതെ ലഹരി ഉപയോഗിച്ച സഹനടനിൽനിന്നുണ്ടായ മോശമായ പെരുമാറ്റത്തെ എതിര്ത്തുകൊണ്ട് ശബ്ദമുയര്ത്തിയ വിന്സി ആലോഷ്യസിന്റെ ആത്മധൈര്യത്തെ ഞങ്ങൾ അഭിവാദ്യങ്ങളോടെ സ്വീകരിക്കുന്നു എന്നായിരുന്നു ഫേസ് ബുക്കിൽ പങ്ക് വെച്ച കുറിപ്പിൽ പറയുന്നത്.
പല മലയാള സിനിമാ സെറ്റുകളിലും വ്യാപകമായ മദ്യപാനവും മറ്റു മാരകമായ ലഹരി ഉപയോഗവും ഉണ്ടെന്ന നഗ്നസത്യത്തെയാണ് ഇതിലൂടെ അവർ ശ്രദ്ധയില്പ്പെടുത്തുകയാണെന്നും മാനസികമോ ശാരീരികമോ ആയ അതിക്രമങ്ങളിൽ സ്ത്രീകൾ ആദ്യം പരാതി നൽകേണ്ടത് ഐസിയിലാണെന്നും കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. കേരളത്തിലെ സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന എല്ലാ സ്ത്രീകളും തിരിച്ചറിയേണ്ട, മനസ്സിലാക്കേണ്ട ഒരു കാര്യം കേരള ഹൈക്കോടതിയുടെ വിധിയിലൂടെ ഓരോ സിനിമാ സെറ്റിലും ഒരു ആഭ്യന്തരപരിശോധനാ സമിതി (IC) ഉണ്ടായിരിക്കേണ്ടതാണെന്ന് നിയമം ഉറപ്പാക്കിയിട്ടുണ്ട് എന്നതാണെന്നും WCC ചൂണ്ടിക്കാണിക്കുന്നു.
പരാതികൾ ഗൗരവത്തോടെ കൈകാര്യം ചെയ്യപ്പെടുകയും രഹസ്യപരമായും ന്യായമായും അന്വേഷണം നടത്തപ്പെടുകയും ചെയ്യുന്നതാണ് ICയുടെ ഉത്തരവാദിത്വം. ഐസി അംഗങ്ങൾക്ക് കമ്മിറ്റിയുടെ ഉത്തരവാദിത്വങ്ങളും നിയമ പരിജ്ഞാവും നൽകാനായി വനിത ശിശു വികസന വകുപ്പ് വർക്ക്ഷോപ്പുകൾ ആരംഭിച്ചു കഴിഞ്ഞു. സിനിമാ തൊഴിലിടം ലഹരിമുക്തമാക്കാനുള്ള പരിശ്രമം കേരള സര്ക്കാറും കൂടുതൽ ശക്തമായി തുടരേണ്ടതുണ്ട് എന്നും ഡബ്ളിയു സിസി വ്യക്തമാക്കി. അവൾക്കൊപ്പം എന്ന ഹാഷ്ടാഗ് കൂടി ചേർത്തുകൊണ്ടാണ് ഡബ്ളിയു സിസിയുടെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്. 'സൂത്രവാക്യം’ സിനിമയുടെ സെറ്റിൽ വെച്ച് നടൻ ഷൈന് ടോം ചാക്കോ മോശമായി പെരുമാറിയെന്ന് നടി ഫിലിം ചേംബറിന് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. വിൻസിയുടെ വെളിപ്പെടുത്തലിൽ എക്സൈസും വിവരങ്ങള് തേടാൻ ഒരുങ്ങുകയാണ്.
Content Highlights: We salute the courage of Vincy Aloshious WCC supports Vincy