ഇഷ്ടമുളള മതത്തില്‍ വിശ്വസിക്കാനുളള അവകാശം നിഷേധിക്കുന്നു: ബിജെപിക്കെതിരെ ബിഷപ്പ് ജോസഫ് പാംപ്ലാനി

അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന ആയിരക്കണക്കിന് മനുഷ്യരുടെ കണ്ണുനീരിനെ സാക്ഷിനിര്‍ത്തിക്കൊണ്ടാണ് ദുഖവെളളി ആചരിക്കുന്നതെന്നും ജബല്‍പൂരിലും മണിപ്പൂരിലും ഇതാണ് സംഭവിക്കുന്നതെന്നും ജോസഫ് പാംപ്ലാനി പറഞ്ഞു

കണ്ണൂര്‍: ബിജെപിക്കെതിരെ പരസ്യ വിമര്‍ശനവുമായി തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. മതേതരത്വം ഭരണഘടന നാടിന് നല്‍കുന്ന ഏറ്റവും ശക്തമായ ഉറപ്പായിട്ടുപോലും ഇഷ്ടപ്പെട്ട മതത്തില്‍ വിശ്വസിക്കാനുളള അവകാശം നിഷേധിക്കപ്പെടുകയാണെന്ന് പാംപ്ലാനി പറഞ്ഞു. ഇത്തരത്തില്‍ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന ആയിരക്കണക്കിന് മനുഷ്യരുടെ കണ്ണുനീരിനെ സാക്ഷിനിര്‍ത്തിക്കൊണ്ടാണ് ദുഖവെളളി ആചരിക്കുന്നതെന്നും ജബല്‍പൂരിലും മണിപ്പൂരിലും ഇതാണ് സംഭവിക്കുന്നതെന്നും ജോസഫ് പാംപ്ലാനി പറഞ്ഞു. കുരിശിന്റെ വഴി പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

'കുരിശിന്റെ യാത്ര പോലും നടത്താന്‍ അനുവാദമില്ലാത്ത എത്രയോ നഗരങ്ങളാണ് നമ്മുടെ രാജ്യത്തുളളത്. ജബല്‍പൂരിലും മണിപ്പൂരിലും കാണ്ഡഹാറിലുമെല്ലാം എത്രയോ മിഷനറിമാര്‍ ക്രിസ്ത്യാനികളായതിന്റെ പേരില്‍ ആക്രമിക്കപ്പെട്ടു. ക്രിസ്തുവും സുവിശേഷവും അവന്റെ അനുയായികളും ആദര്‍ശങ്ങളും രാജ്യദ്രോഹപരമായ കാര്യമായാണ് ഇന്ന് ചിത്രീകരിക്കപ്പെടുന്നത്. മതവും രാഷ്ട്രീയവും തമ്മില്‍ അനാവശ്യമായി സഖ്യം ചേരുമ്പോള്‍ അര്‍ഹതപ്പെട്ട അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയും നിഷ്‌കളങ്കര്‍ നിഷ്ഠൂരമായി കൊല്ലപ്പെടുകയും നീതിയും സത്യവും കുഴിച്ചുമൂടപ്പെടുകയും ചെയ്യും'- ജോസഫ് പാംപ്ലാനി പറഞ്ഞു. എല്ലാവര്‍ക്കും നീതി ലഭിക്കണമെന്നാണ് കുരിശിന്റെ വഴി ഓര്‍മ്മിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: Bishop joseph pamplani against bjp

To advertise here,contact us